ഫ്ലോറിഡ: യു.എസിലെ ഫ്ലോറിഡ സംസ്ഥാനത്തെ വിറപ്പിച്ച്‌ ആഞ്ഞടിച്ച ഇയാന്‍ കൊടുങ്കാറ്റില്‍ ഫോര്‍ട്ട് മയേഴ്സിലും സമീപത്തെ ലീ കൗണ്ടിയിലുമായി അഞ്ച് പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്.

അതേസമയം നൂറുകണക്കിന് പേര്‍ മരിച്ചിരിക്കാമെന്നും ആയിരക്കണക്കിന് പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടാകാമെന്നും ലീ കൗണ്ടി ഷെരീഫ് കാര്‍മൈന്‍ മാര്‍സീനോ പറഞ്ഞു. ഇയാന്‍ ഇന്ത്യന്‍ സമയം ഇന്നലെ പുലര്‍ച്ചെ 12.40നാണ് മണിക്കൂറില്‍ 241 കിലോമീറ്റര്‍ വേഗതയില്‍ ഫ്ലോറിഡ തീരത്തെ കയോ കോസ്റ്റ ദ്വീപിന് സമീപം ഇയാന്‍ നിലംതൊട്ടത്.

ഇയാന്റെ വരവിന് മുന്നോടിയായി ഫ്ലോറിഡയില്‍ ശക്തമായ മഴയും കാറ്റുമുണ്ടായിരുന്നു. പ്രളയബാധിത മേഖലകളില്‍ വീടുകള്‍ക്ക് മുകളില്‍ അഭയം തേടിയവരെ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്ററുകളില്‍ രക്ഷപ്പെടുത്തുന്നുണ്ട്. 24 ലക്ഷം വീടുകളിലേക്കുള്ള വൈദ്യുതി വിതരണം തടസപ്പെട്ടു. ഇത് പുനസ്ഥാപിക്കുകയാണ്

അമേരിക്കയിൽ വീശിയടിക്കുന്ന ചുഴലിക്കാറ്റും വെള്ളപ്പൊക്കവും 24 ലക്ഷം വീടുകൾ ഇരുട്ടിലാക്കി. ഫ്ലോറിഡയിലാണ് കാറ്റ് കനത്ത നാശം വിതച്ചത്. ചൊവ്വാഴ്ചയാണ് ക്യൂബയുടെ പടിഞ്ഞാറൻ തീരത്ത് ഇയാൻ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. ഫ്ലോറിഡയിൽ രക്ഷാപ്രവർത്തനത്തിന് 7,000 നാഷനൽ ഗാർഡ് സൈനികരെ വിന്യസിച്ചു. 

ഫ്ലോറിഡയിലെ ജാക്സൺവില്ല അന്താരാഷ്ട്ര വിമാനത്താവളത്തിലെ എല്ലാ വിമാനവും റദ്ദാക്കി. ജോർജിയ, നോർത്ത് കരോലൈന, സൗത്ത് കരോലൈന, ഫ്ലോറിഡ, വിർജിനിയ എന്നിവിടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

കനത്ത മഴയോടെ ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ ബോട്ടിൽ സഞ്ചരിക്കുകയായിരുന്ന 20 തോളം കുടിയേറ്റക്കാരെ കാണാതായതായി റിപ്പോർട്ടുകളുണ്ട്. ബോട്ട് മുങ്ങി 20 കുടിയേറ്റക്കാരെ കാണാതായതായും ഫ്ളോറിഡയിലെ കീസ് ദ്വീപുകളിൽ നാല് ക്യൂബക്കാർ നീന്തിക്കയറിയെന്നും മൂന്ന് പേരെ തീരസംരക്ഷണ സേന കടലിൽനിന്ന് രക്ഷപ്പെടുത്തിയതായും യുഎസ് ബോർഡർ പട്രോൾ അറിയിച്ചു.

യുഎസിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് ഇതെന്നാണ് റിപ്പോർട്ടുകൾ. മണിക്കൂറിൽ ഏകദേശം 240 കിലോമീറ്റർ വേഗത്തിലാണ് അയാൻ വീശുന്നതെന്ന് യു.എസ്. നാഷണൽ ഹരിക്കെയ്ൻ സെന്റർ അറിയിച്ചു.

ചുഴലിക്കാറ്റിൽ മാധ്യമപ്രവർത്തകൻ നിലതെറ്റി വീഴുന്നതിന്റേയും റോഡിലൂടെ സ്രാവുകൾ നീന്തുന്നതിന്റെയും അടക്കമുള്ള ദൃശ്യങ്ങൾ പുറത്തുവന്നു. ചുഴലിക്കാറ്റ് വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ റിപ്പോർട്ടർ നിലതെറ്റി വീഴുന്നത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ക്യൂബൻ തീരത്ത് നിന്ന് മെക്സിക്കൻ കടലിടുക്കിലേക്ക് പ്രവേശിച്ച ഇയാൻ കാറ്റഗറി നാല് വിഭാഗത്തിൽപ്പെട്ട അതിശക്തമായ ചുഴലിക്കാറ്റായി മാറുകയായിരുന്നു. ചുഴലിക്കാറ്റിന് മുന്നോടിയായി മേഖലയിൽ ശക്തമായ മഴ ആരംഭിച്ചിരുന്നു. ഫ്ളോറിഡയിലെ 18 ലക്ഷത്തോളം ജനങ്ങളാണ് ചുഴലിക്കാറ്റിനെ തുടർന്ന് ഇരുട്ടിലായതെന്നാണ് റിപ്പോർട്ടുകൾ.