ന്യൂഡൽഹി: പാർലമെന്ററി ചോദ്യങ്ങൾക്കുള്ള മറുപടിയിലെ അധ്യക്ഷസംബോധന ഇനി ലിംഗനിഷ്പക്ഷമാവും. സഭാധ്യക്ഷനെ സംബോധന ചെയ്യുമ്പോൾ ‘സർ’ എന്ന പദം ഉപയോഗിക്കുന്ന പതിവാണ് നിലവിൽ. ശിവസേന എം.പി. പ്രിയങ്ക ചതുർവേദി പാർലമെന്ററി കാര്യമന്ത്രിയ്ക്ക് അയച്ച കത്തിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് മറുപടിയായി സഭയിലെ ചോദ്യങ്ങൾക്കുള്ള മറുപടി ഉൾപ്പെടെ എല്ലാ നടപടിക്രമങ്ങളിലും ജെൻഡർ ന്യൂട്രാലിറ്റി പാലിക്കാൻ നിർദേശം നൽകുമെന്ന് രാജ്യസഭാ സെക്രട്ടറിയേറ്റ് അറിയിച്ചതായി പ്രിയങ്ക ചതുർവേദി ട്വിറ്ററിലൂടെ അറിയിച്ചു.

ഓഗസ്റ്റിലാണ് പ്രിയങ്ക കത്തയച്ചത്. പാർലമെന്റിലെ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകുമ്പോൾ ‘സർ’ എന്നാണുപയോഗിക്കുന്നതെന്നും ജനാധിപത്യത്തിന്റെ മുഖ്യകേന്ദ്രമായ പാർലമെന്റിനുള്ളിൽ തന്നെ ലിംഗവിവേചനം സുസ്ഥാപിതമായി തുടരുന്നത് വനിതാഅംഗമെന്ന നിലയിൽ ഏറെ വിഷമമുണ്ടാക്കുന്നതായി എം.പി. കത്തിൽ സൂചിപ്പിച്ചു.

താനയച്ച കത്തും രാജ്യസഭാസെക്രട്ടറിയേറ്റിൽ നിന്ന് ലഭിച്ച മറുപടിക്കത്തും പ്രിയങ്ക ട്വിറ്ററിൽ ഷെയർ ചെയ്തു. സഭയിലെ എല്ലാ നടപടികളിലും അധ്യക്ഷനെയാണ് സംബോധന ചെയ്യുന്നതെന്നും എങ്കിലും രാജ്യസഭയുടെ അടുത്ത സമ്മേളനം മുതൽ ചോദ്യങ്ങൾക്കുള്ള മറുപടികളുൾപ്പെടെ എല്ലാ നടപടികളും ലിംഗനിഷ്പക്ഷമാക്കാൻ എല്ലാ മന്ത്രാലയങ്ങളേയും അറിയിക്കുമെന്നും രാജ്യസഭാ സെക്രട്ടറിയേറ്റിൽ നിന്നുള്ള കത്തിൽ പറയുന്നു.