ഭാരത് ജോഡോ യാത്രയുടെ പ്രചാരണ ബോര്‍ഡില്‍ സവര്‍ക്കറുടെ ചിത്രം വച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ഐഎൻടിയുസി ചെങ്ങമനാട് മണ്ഡലം പ്രസിഡന്റ് സുരേഷ്. കോണ്‍ഗ്രസ് പാര്‍ട്ടിയോടും പ്രവര്‍ത്ത‍കരോടും പരസ്യമായി മാപ്പു പറയുന്നെന്നു സുരേഷ് പ്രതികരിച്ചു. ഒരു നിമിഷത്തെ അശ്രദ്ധയാണ് യാത്രയെ വിവാദമാക്കിയത്. ഇതില്‍ ഖേദിക്കുന്നു. പാര്‍ട്ടി നല്‍കുന്ന എന്തു ശിക്ഷയും സ്വീകരിക്കുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകനായി നിലകൊള്ളുമെന്നും സുരേഷ് പറഞ്ഞു. വിവാദത്തെത്തുടര്‍ന്നു നേരത്തെ സുരേഷിനെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തിരുന്നു. 

‘കഴിഞ്ഞ ദിവസം രാത്രി 10 ഓടെയാണ് ഫ്ലെക്സ് അടിക്കാനുള്ള നിർദേശം വരുന്നത്. 88 അടിയുള്ള ഫ്ലെക്സ് ആയിരുന്നു. പ്രൂഫ് അയച്ചെങ്കിലും നോക്കാൻ സമയമില്ലാത്തതിനാൽ പ്രിന്റ് വിടാൻ പറഞ്ഞു. രാത്രി 1 മണിയോടെ ഫ്ലെക്സ് കിട്ടി. പക്ഷേ ഞാനതു നോക്കിയില്ല. അൻവർ സാദത്ത് എംഎൽഎ വിളിച്ചപ്പോഴാണു സവർക്കറുടെ ചിത്രം ഫ്ലെക്സിൽ ഉണ്ടെന്ന് അറിയുന്നത്. പിന്നീട് ഫ്ലെക്സ് കെട്ടുമ്പോൾ സവർക്കറുടെ സ്ഥാനത്ത് ഗാന്ധിജിയുടെ പടംവച്ച് മറയ്ക്കുകയായിരുന്നു. എന്റെ പാർട്ടിക്ക് ഞ‍ാനായി തന്നെ ചീത്തപ്പേരുണ്ടാക്കി. അൽപം ശ്രദ്ധിച്ചെങ്കിൽ ഇങ്ങനെ നടക്കില്ലായിരുന്നു.’– സുരേഷ് പറഞ്ഞു.