കൊല്ലം: കെഎസ്ആര്‍ടിസി ജീവനക്കാർ മോശമായി പെരുമാറിയെന്ന് യാത്രക്കാരന്റെ പരാതി. വനിതാ കണ്ടക്ടര്‍ മോശമായി സംസാരിക്കുകയും ഡ്രൈവര്‍ മര്‍ദിക്കാന്‍ ശ്രമിക്കുകയും ചെയ്തെന്ന് ആരോപിച്ച് കൊല്ലം പത്തനാപുരം സ്വദേശി ഷിബു ഏബ്രഹാം ആണ് പുനലൂര്‍ ഡിവൈഎസ്പിക്കും കെഎസ്ആര്‍‌ടിസി എംഡിക്കും പരാതി നൽകിയത്. കൊട്ടാരക്കര ഡിപ്പോയില്‍നിന്ന് തെങ്കാശിക്ക് പോയ ബസില്‍ തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.

ബസില്‍ യാത്രക്കാരോടു വനിതാ കണ്ടക്ടര്‍ അതിരുവിട്ടു തര്‍ക്കിച്ചപ്പോള്‍ ശബ്ദരേഖ ഫോണില്‍ റെക്കോര്‍‍‍ഡ് ചെയ്തു. ഇത് നശിപ്പിക്കണമെന്നാവശ്യപ്പെട്ടു ഡ്രൈവര്‍ ബസ് റോഡില്‍ നിര്‍ത്തിയിട്ടു പ്രകോപനമുണ്ടാക്കിയെന്നു ഷിബുവിന്റെ പരാതിയിൽ പറയുന്നു. സംഭവത്തിൽ കെഎസ്ആര്‍ടിസി അന്വേഷണം തുടങ്ങി.

യാത്ര തുടങ്ങിയതുമുതൽ വനിതാ കണ്ടക്ടർ യാത്രക്കാരോട് മോശമായി പെരുമാറുന്നുണ്ടായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. തമിഴ്നാട്ടിൽ നിന്നുള്ള കർഷകത്തൊഴിലാളികളായിരുന്നു ബസിൽ ഉണ്ടായിരുന്നത്. ഇതിനിടെ യാത്രക്കാരന്റെ കൈ തട്ടി ബെല്ല് അടിക്കുന്ന സാഹചര്യം ഉണ്ടായി. തുടർന്ന് ‘ആരാണ് ബെല്ല് അടിച്ചത് എന്ന് അറിഞ്ഞിട്ടേ ബസ് മുമ്പോട്ട് പോകൂ’ എന്ന് ആക്രോശിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

ബസ് മുന്നോട്ട് പോകവെ വീണ്ടും പലതരത്തിലുള്ള പ്രശ്നങ്ങൾ യാത്രക്കാരുമായി ഉണ്ടായി. ഇത് ഷിബു ചോദ്യംചെയ്യുകയായിരുന്നു. തുടർന്നാണ് തർക്കമുണ്ടായത്. പിന്നീട് തെന്മല പോലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്. തർക്കത്തിന്റെ ശബ്ദരേഖ പരാതിക്കാരൻ കെഎസ്ആർടിസി ഡിടിഒയ്ക്ക് അയച്ചു. തുടർന്ന് ഡ്രൈവറേയും കണ്ടക്ടറേയും വിളിച്ചുവരുത്തി കാര്യത്തിന്റെ ​ഗൗരവം പറഞ്ഞ് മനസ്സിലാക്കി ഇരുവരിൽ നിന്ന് വിശദീകരണം എഴുതിവാങ്ങി. ഈ റിപ്പോർട്ട് കെഎസ്ആർടിസി വിജലൻസ് ഡയറക്ടർക്ക് കൈമാറുമെന്ന് ഡിടിഒ അറിയിച്ചു.