വ്യത്യസ്തമായ പോസ്റ്റ് വെഡ്ഡിങ് പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ടുകളുടെ കാലമാണ്. അൽപം വെറൈറ്റി ആയാലേ ആളുകൾ ശ്രദ്ധിക്കൂ. കേരളത്തിലാണെങ്കിൽ ഇപ്പോൾ വൈറലായി നിൽക്കുന്നത് റോഡിലെ കുഴികളും. വെറൈറ്റി അവിടെ നിന്ന് തന്നെയാകട്ടേയെന്ന് ഫോട്ടോഗ്രാഫറും തീരുമാനിച്ചു.

വിവാഹത്തിന് പുടവയും ആഭരണവും അണിഞ്ഞൊരുങ്ങിയ മണവാട്ടിയെ കുഴികൾ നിറഞ്ഞ നടുറോഡിലൂടെ നടത്തി. കേരളത്തിൽ കുഴിയില്ലാത്ത റോഡാണല്ലോ ഇപ്പോൾ കാണാനില്ലാത്തത്! നിലമ്പൂർ പൂക്കോട്ടുംപാടത്തു നിന്നുള്ള വിവാഹ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

പൂക്കോട്ടുംപാടം സ്വദേശിയായ സുജീഷയാണ് റോഡിലെ കുഴിയിലൂടെ ചിരിച്ചു കൊണ്ട് നടക്കുന്ന കല്യാണപ്പെണ്ണ്. നിലമ്പൂരിലെ ആരോ വെഡ്ഡിങ് കമ്പനിയിലെ ആഷിഖ് ആരോ ആണ് ഫോട്ടോഗ്രാഫർ. ഫോട്ടോ എടുക്കാൻ എത്തിയപ്പോൾ റോഡിലെ കുഴിയും ചെളിവെള്ളവും ഏറെ ബുദ്ധിമുട്ടിച്ചു . ഇതോടെ ഒരു ഫോട്ടോ ഷൂട്ട് റോഡിൽ ആയി കൂടെ എന്ന ചിന്ത ഉണ്ടായതെന്ന് ആഷിഖ് പറയുന്നു.

ഇതിനകം 4.3 മില്യൺ വ്യൂസും നൂറ് കണക്കിന് റിയാക്ഷനുമാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.