ഹൂസ്റ്റണ്‍: ഗാല്‍വെസ്റ്റണ്‍-ഹൂസ്റ്റണ്‍ അതിരൂപതയുടെ ബിഷപ്പായിരുന്ന ആര്‍ച്ച് ബിഷപ് എമിരിറ്റെസ് ജോസഫ് എ ഫിയോറെന്‍സ കാലം ചെയ്തു. 91 വയസായിരുന്നു. 2006 ല്‍ അതിരൂപതാ ഭരണത്തില്‍നിന്നു വിരമിച്ചതിനുശേഷം വിശ്രമജീവിതം നയിക്കുകയായിരുന്നു.

ഗാല്‍വെസ്റ്റണ്‍-ഹൂസ്റ്റണ്‍ രൂപതയുടെ ബിഷപ്പായി 1985 ലാണ് ജോസഫ് എ ഫിയോറെന്‍സ അഭിഷേകം ചെയ്യപ്പെട്ടത്. 2006 വരെ അദ്ദേഹം രൂപതയെ നയിച്ചു. 2004 ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ ഗാല്‍വെസ്റ്റണ്‍-ഹൂസ്റ്റണ്‍ രൂപതയെ അതിരൂപതയായി ഉയര്‍ത്തിയതിനൊപ്പം ബിഷപ് ജോസഫ് എ ഫിയോറെന്‍സയെ അതിരൂപതയുടെ പ്രഥമ ആര്‍ച്ച് ബിഷപ്പായി നിയമിച്ചു. 2006 ല്‍ ആര്‍ച്ച് ബിഷപ് ജോസഫ് എ ഫിയോറെന്‍സ വിരമിക്കുമ്പോള്‍, കര്‍ദിനാള്‍ ഡാനിയേല്‍ ഡി നാര്‍ദോയാണ് അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ഗാല്‍വെസ്റ്റണ്‍-ഹൂസ്റ്റണ്‍ അതിരൂപതയുടെ അജപാലന ദൗത്യത്തില്‍ നിയമിതനായത്.

പൗരോഹിത്യ, അജപാലന സമയത്തും വിരമിച്ചതിനുശേഷവും സാമൂഹിക നീതിക്കുവേണ്ടി നിരന്തരം പോരാടിയ അജപാലകനായിരുന്നു ആര്‍ച്ച് ബിഷപ് ജോസഫ് എ ഫിയോറെന്‍സ. പൗരാവകാശങ്ങള്‍ക്കുവേണ്ടി നിലകൊണ്ട മഹത് വ്യക്തിയാണ് ആര്‍ച്ച് ബിഷപ് ഫിയോറെന്‍സയെന്ന് കര്‍ദിനാള്‍ ഡി നാര്‍ദോ അനുസ്മരിച്ചു. സമൂഹത്തിലെ വര്‍ണ, വര്‍ഗ വ്യത്യാസങ്ങള്‍ക്കെതിരേ അദ്ദേഹം നിരന്തരം പോരാടി. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പഠനങ്ങള്‍ക്കനുസരിച്ച് സഭയുടെ നവീകരണത്തിനുവേണ്ടി പ്രയത്‌നിക്കുകയും അവ നടപ്പാക്കുകയും ചെയ്ത വലിയ ഇടയനാണ് അദ്ദേഹമെന്ന് കര്‍ദിനാള്‍ ഡി നാര്‍ദോ പറഞ്ഞു. കാലം ചെയ്ത ആര്‍ച്ച് ബിഷപ് ഫിയോറെന്‍സയുടെ ആത്മാവിനുവേണ്ടി വിശ്വാസികള്‍ പ്രാര്‍ഥിക്കണമെന്ന് കര്‍ദിനാള്‍ ആവശ്യപ്പെട്ടു.