മൊബൈല്‍ ഉപഭോക്താക്കളുടെ ഏറ്റവും വലിയ സ്വപ്നങ്ങളില്‍ ഒന്നാണല്ലൊ ആപ്പിള്‍ ഐഫോണുകള്‍.

ആപ്പിളിന്‍റെ ഏത് മോഡല്‍ ഇറങ്ങുമ്പോഴും അത് വലിയ വാര്‍ത്തയാകുന്നതിന്‍റെ രഹസ്യവും ഉപഭോക്താക്കളുടെ ഈ താത്പര്യംതന്നെയാണ്.

ആപ്പിള്‍ ഐഫോണ്‍ 14 മോഡല്‍ ഈ മാസം 16ന് ഇന്ത്യന്‍ വിപണിയില്‍ എത്തിയത് ആരാധകര്‍ക്ക് വലിയ ആവേശം സമ്മാനിച്ചിരുന്നു. പലരും ഈ ഫോണ്‍ ആദ്യംതന്നെ സ്വന്തമാക്കാനുള്ള തത്രപ്പാടിലായിരുന്നു.

എന്നാല്‍ മറ്റാരേക്കാള്‍ മുന്‍പ് ഐഫോണ്‍ 14 സ്വന്തമാക്കാനായി ദുബായിലേക്ക് വിമാനം കയറിയ ഒരു മലയാളിയാണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ താരം.

ഡെയര്‍ പിക്ചേഴ്സ് എന്ന ഡിജിറ്റല്‍ കണ്‍സള്‍ട്ടന്‍സിയുടെ ഡയറക്ടര്‍ കൂടിയായ ധീരജ് പള്ളിയില്‍ ആണ് ഇത്തരത്തിലൊരു യാത്ര നടത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഏഴിന് ഐഫോണ്‍ 14 ഇന്ത്യയില്‍ റിലീസ് ചെയ്യുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് അദ്ദേഹം ഐഫോണ്‍ 14 പ്രോ സ്വന്തമാക്കി.

ദുബായിലെ മിര്‍ഡിഫ് സെന്‍ററിലെ ഒരു പ്രീമിയം റീസെല്ലറില്‍ നിന്നാണ് അദ്ദേഹം ആപ്പിളിന്‍റെ പുതിയ ഐഫോണ്‍ വാങ്ങിയത്.

1.29 ലക്ഷം രൂപയാണ് ഇതിന്‍റെ വില. കൂടാതെ ടിക്കറ്റ് നിരക്കും വിസ ഫീസും ഇനത്തില്‍ 40,000 രൂപ വേറെയും ചെലവഴിച്ചു.

ഫോണുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ ധീരജ് തന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചത് വെെറലായി. ഇതാദ്യമായല്ല ധീരജ് ഇത്തരത്തില്‍ ഐഫോണ്‍ വാങ്ങാനായി യാത്ര തിരിച്ചിട്ടുള്ളത്.

ഐഫോണ്‍ 8, ഐഫോണ്‍ 11 പ്രോ മാക്സ്, ഐഫോണ്‍ 12, ഐഫോണ്‍ 13 എന്നീ നാല് മുന്‍ മോഡലുകളുടെ റിലീസിനും പള്ളിയില്‍ ഇത് തന്നെ ചെയ്തിരുന്നു.