സംസ്ഥാനത്തു പേവിഷ പ്രതിരോധ വാക്സിൻ നൽകുന്നതിനു തെരുവു നായ്ക്കളെ പിടികൂടാൻ സന്നദ്ധരായി എണ്ണൂറോളം പേർ. മ‍ൃഗസംരക്ഷണ വകുപ്പ് കണ്ടെത്തിയ 78 പേർക്കു പുറമേ 720 സന്നദ്ധ പ്രവർത്തകരുടെ പട്ടിക രണ്ടു ഘട്ടമായി തദ്ദേശ, മൃഗസംരക്ഷണ വകുപ്പുകൾക്കു കുടുംബശ്രീ കൈമാറി.

മു‍ൻപ് നായ്ക്കളിൽ അനിമൽ ബെർത്ത് കൺട്രോൾ (എബിസി) പ്രോഗ്രാം കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തിയിരുന്നപ്പോൾ സഹകരിച്ചിരുന്ന നായപിടിത്തക്കാർ ഉൾപ്പെടെ ഈ പട്ടികയിൽ ഉണ്ട്. പട്ടിക നൽകുന്നതല്ലാതെ മറ്റു പ്രവർത്തനങ്ങളിലൊന്നും കുടുംബശ്രീക്കു പങ്കാളിത്തമില്ല. എബിസി പ്രവർത്തനം നടത്തുന്നതിൽ നിന്നു കുടുംബശ്രീയെ ഹൈക്കോടതി വിലക്കിയ സാഹചര്യത്തിലാണിത്.

പിടികൂടുന്നവയിൽ ആക്രമണകാരികളായ നായ്ക്കളെ താൽക്കാലിക സംരക്ഷണ കേന്ദ്രത്തിൽ (ഷെൽറ്റർ) പാർപ്പിക്കും. ജനങ്ങളുടെ ഭാഗത്തു നിന്ന് എതിർപ്പ് ഉയരുന്നതിനാൽ ഷെൽറ്ററുകൾ പലയിടത്തും തയാറായിട്ടില്ല. അതേസമയം, സംസ്ഥാനത്തെ ആയിരത്തിൽപരം തദ്ദേശ സ്ഥാപനങ്ങളിൽ 340 എണ്ണം മാത്രമാണു എബിസി പ്രവർത്തനങ്ങൾക്കായി തുക നീക്കിവച്ചത്. ഇത് 7.7 കോടി രൂപ വരും.

വാക്സിനേഷനായി ഒരു തെരുവു നായയെ പിടിച്ചു നൽകിയാൽ 300 രൂപയാണു സന്നദ്ധ പ്രവർത്തകനു പ്രതിഫലം. പരിശീലനം നേടിയ നായപിടിത്തക്കാർ പ്രതിദിനം അൻപതോളം എണ്ണത്തെ പിടികൂടും. ഇവർക്കെല്ലാം കുറഞ്ഞത് രണ്ടു ഡോസ് വാക്സിൻ നൽകേണ്ടതുണ്ട്. എന്നാൽ, ഇപ്പോൾ കണ്ടെത്തിയ സന്നദ്ധ പ്രവർത്തകരിൽ ഭൂരിഭാഗം പേർക്കും പരിശീലനം ലഭിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.