കൊച്ചി: സാമ്പത്തിക മേഖലയിലെ മരവിപ്പ്‌ മുൻ നിർത്തി ധനകാര്യസ്ഥാപനങ്ങൾ മുൻ നിര രണ്ടാം നിര ഓഹരികളിൽ ലാഭമെടുപ്പിനും വിൽപ്പനയ്‌ക്കും കാണിച്ച തിടുക്കം വിപണിയെ കൂടുതൽ പ്രതിസന്ധിയിലാക്കി. പിന്നിട്ടവാരം സെൻസെക്‌സ്‌ 1027 പോയിൻറ്റും നിഫ്‌റ്റി സൂചിക 302 പോയിൻറ്റും നഷ്‌ടത്തിലാണ്‌.

ആഭ്യന്തര വിദേശ ഫണ്ടുകൾ ചേർന്ന്‌ ഏകദേശം 9000 കോടി രൂപയുടെ ഓഹരികളാണ്‌ പോയവാരം വിൽപ്പന നടത്തിയത്‌. ആഗോള തലത്തിൽ ധനകാര്യസ്ഥാപനങ്ങൾ ബാധ്യതകൾ വിറ്റുമാറാൻ മത്സരിച്ചത്‌ യു എസ്‌‐യുറോപ്യൻ മാർക്കറ്റുകളെ മാത്രമല്ല ഏഷ്യൻ ഓഹരി ഇൻഡക്‌സുകളെയും പിടിച്ച്‌ ഉലച്ചു. അമേരിക്കൻ കേന്ദ്ര ബാങ്ക്‌ വീണ്ടും പലിശ വർധനയ്‌ക്ക്‌ ഒരുങ്ങിയതാണ്‌ നിക്ഷേപകരുടെ ഉറക്കം നഷ്‌ടപ്പെടുത്തുന്നത്‌.

മുൻ നിര ഓഹരികളായ ഇൻഫോസിസ്‌, വിപ്രോ, എച്ച്‌.സി.എൽ, ടി.സി.എസ്‌, ടെക്‌ മഹീന്ദ്ര, എച്ച്‌.യു.എൽ, ഡോ: റെഡീസ്‌, സൺ ഫാർമ്മ, ആർ.ഐ.എൽ, എച്ച്‌.ഡി.എഫ്‌.സി, എം ആൻറ്‌ എം തുടങ്ങിയവയ്‌ക്ക്‌ തിരിച്ചടി നേരിട്ടു. എസ്‌. ബി.ഐ, ഐ.സി.ഐ.സി.ഐ ബാങ്ക്‌, ആർ.ഐ.എൽ, ഇൻഡസ്‌ ബാങ്ക്‌, ടാറ്റാ സ്‌റ്റീൽ, മാരുതി, എയർടെൽ തുടങ്ങിയവയിൽ നിക്ഷേപകർ താൽപര്യം കാണിച്ചു.

ബോംബെ സെൻസെക്‌സ്‌ 59,793 പോയിന്റിൽ നിന്നും തുടക്കത്തിൽ 60,000 ലെ നിർണായക പ്രതിരോധം തകർത്ത്‌ 60,636 വരെ ഉയർന്നത്‌ ഒരു വിഭാഗം പ്രദേശിക ഇടപാടുകാരെ പുതിയ ബാധ്യതകൾക്ക്‌ പ്രേരിപ്പിച്ചു. ഇതിനിടയിൽ വിദേശ മാർക്കറ്റുകളിലെ തളർച്ച കണ്ട്‌ ഫണ്ടുകൾ മുൻ നിര ഓഹരികളിൽ സൃഷ്‌ടിച്ച വിൽപ്പന സമ്മർദ്ദത്തിൽ സൂചിക വെളളിയാഴ്‌ച്ച 58,687 ലേയ്‌ക്ക്‌ തളർന്ന ശേഷം വാരാന്ത്യ ക്ലോസിങിൽ 58,766 പോയിന്റിണ്‌. ഈവാരം സൂചികയ്‌ക്ക്‌ 60,040‐61,310 പോയിൻറ്റിൽ പ്രതിരോധവും 58,100‐57,500 ൽ താങ്ങും പ്രതീക്ഷിക്കാം.

നിഫ്‌റ്റി മുൻവാരത്തിലെ 17,833 ൽ നിന്നും ഒരു വേള 18,085 ലേയ്‌ക്ക്‌ ചിറക്‌ വിരിച്ചത്‌ നിക്ഷേപ തലത്തിൽ വൻ സ്വാധീനം ചെലുത്തിയതോടെ 18,500 ലേയ്‌ക്ക്‌ സുചിക കുതിക്കുമെന്ന പ്രതീക്ഷകൾക്കിടയിലാണ്‌ പ്രതികൂല വാർത്തകൾ വിപണിയെ കരടി വലയത്തിലാക്കിയത്‌. ഇതോടെ നിഫ്‌റ്റി 17,500 റേഞ്ചിലേയ്‌ക്ക്‌ ഇടിഞ്ഞങ്കിലും വാരാന്ത്യം 17,530 പോയിന്റിലാണ്‌. ഈ വാരം 17,330 ലെ ആദ്യ സപ്പോർട്ട്‌ നിലനിർത്തി 17,900 ലേയ്‌ക്ക്‌ ഉയരാനുള്ള ശ്രമം വിജയം കണ്ടാൽ അടുത്ത ചുവടുവെപ്പിൽ വിപണി 18,050 നെ ഉറ്റ്‌നോക്കാം. അതേ സമയം ആദ്യ താങ്ങിൽ പിടിച്ചു നിൽക്കാനായില്ലെങ്കിൽ നിഫ്‌റ്റി 17,125 റേഞ്ചിലേയ്‌ക്ക്‌ സാങ്കേതിക പരീക്ഷണങ്ങൾക്ക്‌ മുതിരാം.

ആഗോള വിപണി പിന്നിട്ട നാല്‌ മാസമായി വിൽപ്പനക്കാരുടെ നിയന്ത്രണത്തിൽ നീങ്ങുന്ന ക്രൂഡ്‌ ഓയിൽ വില വാരാന്ത്യം ബാരലിന്‌ 85 ഡോളറിലാണ്‌. ഒരവസരത്തിൽ എണ്ണ വില 90 ഡോളറിലേയ്‌ക്ക്‌ അടുക്കാൻ ശ്രമം നടത്തിയെങ്കിലും ഉൽപാദന രാജ്യങ്ങൾക്കിടയിലെ കിടമത്സരം വിലക്കയറ്റത്തെ തടഞ്ഞു. റഷ്യയും‐സൗദിയും ഇന്ത്യയ്‌ക്ക്‌ ചരക്ക്‌ കൈമാറാൻ തടത്തുന്ന മത്സരം താഴ്‌ന്ന വിലയ്‌ക്ക്‌ ക്രൂഡ്‌ ശേഖരിക്കാൻ ചൈനയ്‌ക്കും, തുർക്കിക്കും അവസരം ഒരുക്കി.

ഡൽഹിയും, ബീജിങും എണ്ണ കരുത്തൽ ശേഖരം സംബന്ധിച്ച്‌ പുതിയ വെളിപ്പെടുത്തലുകൾക്ക്‌ തയ്യാറായിട്ടില്ലങ്കിലും ഇരു രാജ്യങ്ങളും കഴിഞ്ഞ ആറ്‌ മാസം ഉയർന്ന അളവിൽ ക്രൂഡ്‌ ഓയിൽ റഷ്യയിൽ നിന്നും വാങ്ങി കൂട്ടി. വർഷാന്ത്യം വരെ എണ്ണ വിപണിയിലെ ഏതൊരു സംഭവ വികസത്തിന്‌ മുന്നിലും പതറാത്തെ പിടിച്ചു നിൽക്കാനാവശ്യമായ സ്‌റ്റോക്കുളളതിനാൽ വില ഉയർത്താനുള്ള ഒപ്പെക്ക്‌ നീക്കങ്ങൾ വിപണിയെ സ്വാധീനിക്കാനിടയില്ല.

യു എസ്‌ ഡോളർ സൂചികയുടെ തിളക്കത്തിനിടയിൽ രാജ്യന്തര വിപണിയിൽ മഞ്ഞലോഹത്തിന്‌ തിളക്കം മങ്ങി. ട്രോയ്‌ ഔൺസിന്‌ 1717 ഡോളറിൽ ഇടപാടുകൾ നടന്ന സ്വർണത്തിൽ അലയടിച്ച വിൽപ്പന സമ്മർദ്ദം വിപണിയെ അടിമുടി ഉഴുതുമറിച്ചതോടെ നിരക്ക്‌ 1653 ഡോളറിലേയ്‌ക്ക്‌ ഇടിഞ്ഞങ്കിലും വാരാന്ത്യം 1675 ഡോളറിലാണ്‌.