ഉത്തരകൊറിയ സന്ദര്‍ശിക്കാനുള്ള ആഗ്രഹം തുറന്നു പറഞ്ഞ് ഫ്രാന്‍സീസ് മാര്‍പ്പാപ്പ. വെള്ളിയാഴ്ച ടെലിവിഷന്‍ അഭിമുഖത്തിലാണ് മാര്‍പ്പാപ്പ ഇക്കാര്യം പറഞ്ഞത്. തന്നെ ക്ഷണിച്ചാല്‍ തീര്‍ച്ചയായും ഉത്തരകൊറിയ സന്ദര്‍ശിക്കുമെന്ന് മാര്‍പ്പാപ്പ പറഞ്ഞു.

‘അവര്‍ എന്നെ ക്ഷണിക്കുകയാണെങ്കില്‍ ഇല്ല എന്നു ഞാന്‍ പറയില്ല. ലക്ഷ്യം സാഹോദര്യമാണ്. സമാധാനത്തിനായി പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചാല്‍ നിരസിക്കില്ല. ദയവായി എന്നെ ക്ഷണിക്കൂ’ ദക്ഷിണ കൊറിയയുടെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ കെബിഎസിന് നല്‍കിയ അഭിമുഖത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

2018ല്‍ ദക്ഷിണകൊറിയന്‍ പ്രസിഡന്റായിരുന്ന മൂണ്‍ജെ ഇന്നുമായി ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ നടത്തിയ നയതന്ത്ര ചര്‍ച്ചയില്‍ ഉത്തരകൊറിയയിലേക്കുള്ള മാര്‍പ്പാപ്പയുടെ സന്ദര്‍ശനം ചര്‍ച്ച ചെയ്തിരുന്നു. മാര്‍പ്പാപ്പയെ സ്വാഗതം ചെയ്യുമെന്ന് കിം തന്നോട് പറഞ്ഞതായി മൂണ്‍ ഉച്ചകോടിക്കിടെ പറഞ്ഞു. എന്നാല്‍ ബന്ധം വഷളായതോടെ സന്ദര്‍ശനം പിന്നീട് ചര്‍ച്ചയായില്ല.

2014ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ദക്ഷിണ കൊറിയ സന്ദര്‍ശിച്ചപ്പോള്‍ ഇരു കൊറിയകളുടെയും പുനരേകീകരണത്തിനായി പ്രത്യേക കുര്‍ബാന നടത്തിയിരുന്നു.