കാസര്‍കോട്: ലഹരി കേസില്‍ പിടിക്കപ്പെടുന്ന യുവാക്കളെ സമുദായവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളില്‍ നിന്നും വിലക്കാന്‍ തീരുമാനമെടുത്ത് മഹല്ല് കമ്മിറ്റി. കാസര്‍കോട് പടന്നക്കാട് അന്‍സാറുല്‍ ഇസ്ലാം ജമാഅത്ത് മഹല്ല് കമ്മിറ്റിയാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

ലഹരിയുമായി ബന്ധപ്പെട്ടുള്ള കേസുകളില്‍ പിടിപ്പിക്കപ്പെടുന്നവരുടെ വിവാഹം, ഖബറടക്കം തുടങ്ങി എല്ലാ പരിപാടികളിലും സഹകരിക്കില്ലെന്ന് മഹല്ല് കമ്മിറ്റി വ്യക്തമാക്കി. ഇത്തരം കേസുകളില്‍ ഉള്‍പ്പെടുന്നവരെ മഹല്ല് കമ്മിറ്റിയില്‍നിന്ന് പുറത്താക്കുകയും ചെയ്യും.

അവിവാഹിതരായ ചെറുപ്പക്കാരാണ് പിടിക്കപ്പെടുന്നതെങ്കില്‍ ഇവരുടെ വിവാഹവുമായി മഹല്ല് കമ്മിറ്റി സഹകരിക്കില്ലെന്ന് അറിയിച്ചു. വീട്ടുകാര്‍ക്ക് മഹല്ല് കമ്മറ്റി ലഭ്യമാക്കുന്ന ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും നല്‍കില്ല. ഇതിനുപുറമെ, മഹല്ലിന്റെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കും. കേസില്‍ ഉള്‍പ്പെട്ടവര്‍ മരിച്ചാല്‍ ഖബറടക്കത്തിനുശേഷമുള്ള ചടങ്ങുകളില്‍ മഹല്ലുമായി ബന്ധപ്പെട്ട് ആരും പങ്കെടുക്കില്ല.

യുവാക്കള്‍ രാത്രി 10ന് ശേഷം കാരണമില്ലാതെ ടൗണുകളില്‍ കൂട്ടംകൂടി നില്‍ക്കുന്നതും കമ്മിറ്റി വിലക്കി. കുട്ടികളുടെ രാത്രി സഞ്ചാരം രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും കുട്ടികള്‍ എങ്ങോട്ട്, ആരുടെ കൂടെ പോകുന്നു തുടങ്ങി എല്ലാ കാര്യങ്ങളും രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും മഹല്ല് കമ്മിറ്റി നിര്‍ദേശിച്ചു.

ലഹരിക്കേസുകളില്‍ യുവാക്കള്‍ കൂടുതലായി ഉള്‍പ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പടന്നക്കാട് അന്‍സാറുല്‍ ഇസ്‌ലാം ജമാഅത്ത് കമ്മിറ്റിശക്?തമായ നിലപാടുമായി രംഗത്തുവന്നത്. മുമ്പ് 2018 മാര്‍ച്ചിലും ലഹരിക്കേസുകളില്‍ ഉള്‍പ്പെടുന്നവര്‍ക്കെതിരെ നടപടിയെടുത്തിരുന്നു. അന്ന് മഹല്ലിലെ രണ്ട് പേര്‍ക്കെതിരെ കമ്മിറ്റി നടപടിയെടുത്തു. 580 വീടുകളാണ് കമ്മിറ്റിക്കു കീഴിലുള്ളത്.