രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം അമേരിക്കയില്‍ കൂടുതല്‍ കരുത്തോടെ പകര്‍ച്ചപ്പനി ആഞ്ഞടിക്കുമെന്ന് ആരോഗ്യമേഖലയിലുള്ളവര്‍ മുന്നറിയിപ്പു നല്‍കുന്നു. ഇത് കൂടുതലായി ബാധിക്കാന്‍ സാധ്യതയുള്ളത് കുട്ടികളെയാണെന്നും അവര്‍ക്ക് കൂടുതല്‍ മുന്‍കരുതലെടുക്കണമെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. അമേരിക്കയുടെ തെക്കന്‍ ഭാഗങ്ങളിലുള്ള രാജ്യങ്ങളില്‍ പകര്‍ച്ചപ്പനി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കാലാവസ്ഥ മാറുന്നതോടെ അമേരിക്കയിലും പകര്‍ച്ചപ്പനി അതിരൂക്ഷമാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

പകര്‍ച്ചപ്പനിയെക്കുറിച്ച് ചിന്തിക്കാനും മുന്‍കരുതലെടുക്കാനും സമയമായെന്ന് ന്യൂ ജഴ്‌സിയിലെ സെക്വിറസ് മരുന്നുല്‍പാദക കമ്പനിയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗ്രെഗ് സില്‍വെസ്റ്റര്‍ പറഞ്ഞു. ഓസ്‌ട്രേലിയയില്‍ കഴിഞ്ഞവര്‍ഷം പകര്‍ച്ചപ്പനി ബാധിച്ചവരുടെ എണ്ണം നാനൂറായി കുറഞ്ഞിരുന്നു. മരണമോ ഗുരുതരാവസ്ഥയോ റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല. എന്നാല്‍ കഴിഞ്ഞമാസം പകുതിയോടെ പകര്‍ച്ചപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവരുടെ എണ്ണം രണ്ടുലക്ഷത്തിനു മുകളിലാണ്. മരണസംഖ്യ 181 ആയി ഉയര്‍ന്നു. പനിബാധിച്ച് ആയിരത്തിഅഞ്ഞൂറു പേര്‍ ആശുപത്രിയിലായി. ഇവരില്‍ 6.7 ശതമാനംപേരുടെ നില അതീവ ഗുരുതരാവസ്ഥയിലായിരുന്നു.

അമേരിക്കയില്‍ പകര്‍ച്ചപ്പനി സീസണ്‍ ആരംഭിക്കാനിരിക്കെ, ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ അമേരിക്കയില്‍ പനിബാധിതരുടെ എണ്ണവും മരണസംഖ്യയും ക്രമാതീതമായി വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ വിലയിരുത്തുന്നു.