വീടിന്റെ ടെറസില്‍നിന്നും താഴെ വീണു എന്നു പറഞ്ഞാണ് 17-കാരിയായ പെണ്‍കുട്ടിയെ യുപിയിലെ മീറത്തിലെ ആശുപത്രിയിലാക്കിയത്. പിതാവായിരുന്നു പരിക്കുകളോടെ മകളെ ആശുപത്രിയില്‍ എത്തിച്ചത്. ആദ്യം ചെന്ന ആശുപത്രിയില്‍നിന്നും നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് വാങ്ങിയാണ് പിതാവ് നഗരത്തിലെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. അവിടെ ഐസിയുവില്‍ പ്രവേശിച്ച് മണിക്കൂറുകള്‍ക്കകം യുവതിയുടെ ആരോഗ്യനില പറ്റേ മോശമായി. മറ്റ് പ്രശ്‌നങ്ങള്‍ ഇല്ലാഞ്ഞിട്ടും യുവതിയുടെ ആരോഗ്യനിലയില്‍ പെട്ടെന്നുണ്ടായ മാറ്റത്തില്‍ സംശയം തോന്നിയ ഡോക്ടര്‍മാര്‍ കൂടുതല്‍ പരിശോധന നടത്തിയപ്പോള്‍ അറിഞ്ഞത് ഞെട്ടിക്കുന്ന ഒരു വിവരമായിരുന്നു. 

യുവതിയുടെ ശരീരത്തില്‍ അമിതമായ അളവില്‍ പൊട്ടാസ്യം ക്ലോറൈഡ് ചെന്നിട്ടുണ്ടായിരുന്നു. ആരോ കൂടിയ അളവില്‍ പൊട്ടാസ്യം ക്ലോറൈഡ് യുവതിയുടെ ശരീരത്തില്‍ കുത്തിവെക്കുകയായിരുന്നു. തുടര്‍ന്ന്, ഡോക്ടര്‍മാര്‍ സംഭവം പൊലീസില്‍ അറിയിച്ചു. യുവതി കിടന്ന ഐസിയുവിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചപ്പോള്‍ കണ്ടത്, ആശുപത്രി വാര്‍ഡില്‍ ജോലി ചെയ്യുന്ന ഒരു ജീവനക്കാരന്‍, ഡോക്ടറുടെ വേഷമണിഞ്ഞ് വന്ന് യുവതിയുടെ ശരീരത്തില്‍ കുത്തിവെപ്പ് നടത്തുന്നതാണ്. അതേ ആശുപത്രിയിലെ വാര്‍ഡില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരനാണ് യുവതിയുടെ ശരീരത്തില്‍ കുത്തിവെച്ചത് എന്നറിഞ്ഞതോടെ പൊലീസ് ഇയാളെ കണ്ടെത്തി. വാര്‍ഡ് ബോയി ആയി ജോലി ചെയ്യുന്ന നരേഷ് കുമാര്‍ എന്നയാളാണ് പിടിയിലായത്. 

പൊലീസ് ഇയാളെ ചോദ്യം ചെയ്തപ്പോള്‍ പുറത്തുവന്നത് അതിലും ഞെട്ടിക്കുന്ന വിവരമായിരുന്നു. യുവതിയുടെ പിതാവാണ് മകളെ കൊല്ലാന്‍ തനിക്ക് ട്വട്ടേഷന്‍ തന്നതെന്നാണ് ഇയാള്‍ വെളിപ്പെടുത്തിയത്. ഒരു ലക്ഷം രൂപയാണ് ഇതിനായി പിതാവ് നല്‍കിയതെന്നും ഇയാള്‍ വെളിപ്പെടുത്തി. ആശുപത്രിയിലെ ഒരു ജീവനക്കാരിയുടെ സഹായത്തോടെ യുവതി കിടക്കുന്ന ഐസിയുവില്‍ എത്തി പൊട്ടാസ്യം ക്ലോറൈഡ് കുത്തിവെച്ചത് യുവതിയുടെ പിതാവിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണെന്നും ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. തുടര്‍ന്ന് ആശുപത്രിയിലെ ഈ ജീവനക്കാരിയെയും യുവതിയുടെ പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. 

യുവതിയുടെ പിതാവായ നവീന്‍ കുമാര്‍ മീറത്തില്‍ റിയല്‍ എസ്‌റ്റേറ്റ് ബിസനസുകാരനാണ്. അയാളെ ചോദ്യം ചെയ്തപ്പോഴാണ്, മകളുടെ പ്രണയമാണ് ഈ സംഭവത്തിന് കാരണമായത് എന്ന് മനസ്സിലായതെന്ന് പൊലീസ് പറഞ്ഞു.  മൂന്നാല് വര്‍ഷമായി യുവതി ഒരാളുമായി പ്രണയത്തിലായിരുന്നുവെന്ന് നവീന്‍ കുമാര്‍ പൊലീസിനോട് സമ്മതിച്ചു. ഈ ബന്ധം ഒഴിയാന്‍ പല തവണ ആവശ്യപ്പെട്ടിട്ടും യുവതി സമ്മതിച്ചില്ല. തുടര്‍ന്ന്, താന്‍ മകളെ മര്‍ദ്ദിച്ചതായും ഇതിനിടെ അവള്‍ ടെറസില്‍നിന്നും താഴേക്ക് ചാടിയതായും നവീന്‍ കുമാര്‍ പൊലീസിനോട് പറഞ്ഞു. താഴേക്ക് വീണ് പരിക്കു പറ്റിയ യുവതിയെ കന്‍കര്‍ഖേദ ആശുപത്രിയിലാണ് ആദ്യം കൊണ്ടുപോയത്. അവിടെനിന്നും നിര്‍ബന്ധിച്ച് ഡിസചാര്‍ജ് വാങ്ങി മോദിപുരത്തുള്ള ഫ്യൂച്ചര്‍ പ്ലസ് എന്ന ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ വെച്ചാണ്, ആശുപത്രിയിലെ വാര്‍ഡ് ബോയിക്ക് പണം നല്‍കി അവളെ കൊല്ലാന്‍ ശ്രമിച്ചതെന്നും ഇയാള്‍ സമ്മതിച്ചു. 

കൊലപാതക ശ്രമത്തിന്റെ കഥ പുറത്തുവന്നതോടെ, പിതാവ് നവീന്‍ കുമാര്‍, ആശുപത്രി ജീവനക്കാരനായ നരേഷ് കുമാര്‍, ഒരു ആശുപത്രി ജീവനക്കാരി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായാണ് വിവരം.