ഡിസ്‌കവറി ചാനലിലൂടെ പ്രശസ്തി നേടിയ സാഹസിക യാത്രയാണ് ‘മാന്‍ വേഴ്‌സസ് വൈല്‍ഡ്’. ബിയര്‍ ഗ്രില്‍സ് ആണ് പരിപാടിയുടെ അവതാരകന്‍. ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഷോയില്‍ ഇന്ത്യയില്‍ നിന്ന് രജനികാന്തും പ്രധാന മന്ത്രി നരേന്ദ്ര മോഡിയുമൊക്കെ ഭാഗമായിട്ടുണ്ട്. അടുത്തകാലത്തേയി ബോളിവുഡ് താരം രണ്‍വീര്‍ സിംഗും ഷോയുടെ ഭാഗമാകുന്നു എന്ന വാര്‍ത്തകളും എത്തിയിരുന്നു. 

ഇപ്പൊഴിതാ ഷോയുടെ പ്രോമോ പങ്കുവച്ചിരിക്കുകയാണ് താരം. രണ്‍വീര്‍ വേഴ്‌സസ് വൈല്‍ഡ് എന്ന പരിപാടി നാളെയാണ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് ഷോ സ്ട്രീം ചെയ്യുന്നത്. സെര്‍ബിയയിലെ അഗാധമായ വനത്തിലേക്കുള്ള യാത്രയാണ് ഇരുവരും ചേര്‍ന്ന് നടത്തുന്നത്. ചിത്രീകരണത്തിനിടെ പലതവണ ഭയം തോന്നിയെന്നും എന്നാല്‍ ഭയത്തെ മറികടക്കാനായെന്നും രണ്‍വീര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

‘ചിലപ്പോള്‍ ഭയം നിങ്ങളെ തടയുകയും പരിമിതപ്പെടുത്തുകയും ചെയ്യും. അടുത്ത ഘട്ടം സ്വീകരിക്കുന്നതില്‍ നിന്നും, വളരുന്നതില്‍ നിന്നും നിങ്ങളെ തടയാന്‍ ഭയത്തിന് കഴിയും. ഭയത്തിന് നിങ്ങളുടെ മേല്‍ ആ നിയന്ത്രണമോ അധികാരമോ ഉണ്ടാകരുത്. മുന്നോട്ട് പോകണം. നിങ്ങള്‍ അഭിമുഖീകരിക്കേണ്ടതും അനുഭവിക്കേണ്ടതുമായ ഒന്നാണ് ഭയം.’ രണ്‍വീര്‍ പറഞ്ഞു. മികച്ച പ്രതികരണമാണ് എപ്പിസോഡിന്റെ ടീസറിനും പ്രൊമോ വീഡിയോയ്ക്കും ലഭിക്കുന്നത്. ബിയര്‍ ഗ്രില്‍സിന്റെ ഒപ്പമുളള താരത്തിന്റെ സാഹസിക യാത്രയുടെ കാത്തിരിപ്പിലാണ് ആരാധകര്‍.