ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തിൽ രണ്ടു മാസമായി നടന്നു വന്നിരുന്ന എക്യൂമെനിക്കൽ ക്രിക്കറ്റ് ടൂർണമെന്റിന്റെ ആവേശകരമായ ഫൈനൽ മത്സരത്തിൽ സെന്റ് ജോസഫ് സീറോ മലബാർ ഫൊറോനാ ചർച്ച്‌ ടീം ചാമ്പ്യന്മാരായി. പെയർലാൻഡ് സെന്റ് മേരീസ് സീറോ മലബാർ കാത്തലിക് ചർച്ച്‌ റണ്ണർ അപ്പ് ട്രോഫിയിലും മുത്തമിട്ടു.

വിജയികൾക്കുള്ള ട്രോഫി സ്റ്റാഫ്‌ഫോർഡ് സിറ്റി പ്രോടെം മേയർ കെൻ മാത്യു നൽകി. റണ്ണർ അപ്പ്‌ ടീമിനുള്ള ട്രോഫി റവ.ഡോ. ജോബി മാത്യുവും നൽകി. വിജയികൾക്ക് എബി കെ. മാത്യു സംഭാവന ചെയ്ത കെ.കെ. മാത്യു മെമ്മോറിയൽ ട്രോഫിയും റണ്ണർ അപ്പിന് ബിജു ചാലക്കൽ സംഭാവന ചെയ്ത ട്രോഫിയും സമ്മാനിച്ചു. മറ്റ് വ്യക്തിഗത ട്രോഫികൾ ടൂർണമെന്റ് ഗ്രാൻഡ് സ്‌പോൺസർ ജോർജ് ജോസഫ് (യൂണൈറ്റഡ് ടാക്സ് ആൻഡ് ഇൻഷുറൻസ്) സംഭാവന ചെയ്തു.

ജൂൺ 4 ശനിയാഴ്ച ഉച്ചകഴിഞ്ഞു 2 മണിക്ക് സ്റ്റാഫ്‌ഫോർഡ് സിറ്റി പാർക്കിൽ നടന്ന ഫൈനൽ മത്സരം കാണുന്നതിന് നൂറുകണക്കിന് ക്രിക്കറ്റ് പ്രേമികൾ എത്തിയിരുന്നു. ഐസിഇസിഎച്ച്‌ സ്പോർട്സ് കൺവീനർ റവ.ഡോ.ജോബി ജോൺ മത്സരത്തിന് മുമ്പ് ഇരു ടീമുകളിലെയും കളിക്കാരെ ഹസ്തദാനം ചെയ്തു പരിചയപ്പെട്ടു. ഇന്ത്യയുടേയും അമേരിക്കയുടെയും ദേശീയ ഗാനാലാലാപനത്തോടെ മത്സരം ആരംഭിച്ചു.

ടോസ് നേടിയ സെന്റ് ജോസഫ് ഫൊറോനാ ടീം എതിർ ടീമായ സെന്റ് മേരീസിനി ബാറ്റിങിനയച്ചു. എന്നാൽ അവർക്ക് നിശ്ചിത 20 ഓവറുകളിൽ 98 റണ്ണുകൾ എടുക്കാൻ കഴിഞ്ഞുള്ളൂ. തുടരുന്നു ബാറ്റിങ്ങിന് ഇറങ്ങിയ സെന്റ് ജോസാഫ് ഫൊറോനാ ടീം 13.2 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ വിജയം കൈപ്പിടിയിൽ ഒതുക്കി.

ടൂർണമെന്റ് ഫൈനൽ മത്സരത്തിലെ മാൻ ഓഫ് ദി മാച്ചായി ഡിനോയ് പൗലോസ് (സെന്റ് ജോസഫ് സീറോ മലബാർ) തെരഞ്ഞെടുക്കപ്പെട്ടു.ഫൈനലിലെ എംവിപിയും ഡിനോയ് തന്നെ!

മാൻ ഓഫ് ദി സീരീസായി ജിതിൻ ടോം (സെന്റ് മേരീസ് സീറോ മലബാർ, പെയർലാൻഡ്) തെരഞ്ഞെടുക്കപ്പെട്ടു.

ജേക്കബ് ബേബി (ബെസ്റ്റ് ബൗളർ – സെന്റ് മേരീസ് ക്നാനായ കാത്തലിക്) , മിഖായേൽ ജോയ് (ബെസ്റ്റ് ബാറ്റ്സ്മാൻ – സെന്റ് മേരീസ് ഓർത്തഡോൿസ് ) മെവിൻ ജോൺ (ബെസ്റ്റ് ക്യാച്ച് – ഇമ്മാനുവേൽ മാർത്തോമാ) ഷെജിൻ ബോബൻ (പ്രോമിസിംഗ് പ്ലെയർ – സെന്റ് പോൾസ് ആൻഡ് സെന്റ് പീറ്റേഴ്സ് ) എന്നിവർ വ്യക്തിഗത ട്രോഫികൾക്കു അർഹരായി.

നാളിതു വരെയുള്ള ഐസിഇസിഎച്ച്‌ ക്രിക്കറ്റിനു നൽകിയ വിലപ്പെട്ട സേവനങ്ങളെ മാനിച്ചു കൊണ്ട് സ്റ്റാഫോർഡ് സിറ്റി പ്രോടെം മേയർ കെൻ മാത്യു, റജി മാത്യു, ജസ്റ്റിൻ തോമസ്, ബിജു ചാലയ്ക്കൽ (ക്രിക്കറ്റ് കോർഡിനേറ്റർ) എന്നിവർക്ക് പ്രസിഡണ്ട് റവ.ഫാ. എബ്രഹാം സഖറിയ മെമെന്റോകൾ നൽകി ആദരിച്ചു. ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിന് സഹായിച്ച എല്ലാവർക്കും അച്ചൻ ഹൃദയം നിറഞ്ഞ നന്ദിയും അറിയിച്ചു.

സമ്മാനദാന ചടങ്ങിൽ ഐസിഇസിഎച്ച് പ്രസിഡണ്ട് റവ.ഫാ. എബ്രഹാം സഖറിയ ( ജെക്കു അച്ചൻ), സ്പോർട്സ് കൺവീനർ റവ.ഡോ. ജോബി മാത്യു,സെക്രട്ടറി ബിജു ഇട്ടൻ, പ്രോഗ്രാം കോർഡിനേറ്റർ ആൻസി ശാമുവേൽ, വോളന്റീയർ ക്യാപ്റ്റന്മാരായ നൈനാൻ വീട്ടിനാൽ, എബ്രഹാം തോമസ്, ഓഡിറ്റർ ജോൺസൻ കല്ലുംമൂട്ടിൽ, പിആർഓ ജോൺസൻ ഉമ്മൻ, റജി കോട്ടയം, അനിൽ വർഗീസ്, ബിജു ചാലക്കൽ, എബി. കെ.മാത്യു തുടങ്ങിയവർ പങ്കെടുത്തു.

ആഷാ റേഡിയോയിലെ ലിഡാ തോമസ് & ടീം ടൂർണമെന്റ് കമന്ററിയ്ക്ക് നേതൃത്വം നൽകി.

ഹൂസ്റ്റണിലെ വിവിധ ഇടവകകളിൽ നിന്നായി 10 ടീമുകളാണ് രണ്ടുമാസമായി നടന്നു വന്ന ടൂർണമെന്റിൽ മാറ്റുരച്ചത്.