ഫോമയുടെ മയൂഖം 2022 സൗന്ദര്യ മത്സരത്തിന്റെ ഒന്നര വർഷക്കാലം നീണ്ട് നിന്ന വിവിധ ഘട്ടങ്ങൾ കടന്ന് വിജയത്തിലെത്തി കിരീടം ചൂടുവാനുള്ള അവസരം ലഭിച്ച വനിതയെന്നുള്ള നിലയിൽ , സ്ത്രീകളോട് ഫോമാ പുലർത്തി പോരുന്ന ബഹുമാനവും, ഫോമയുടെ വനിതാ ഫോറം പ്രവർത്തകർക്ക് ഫോമ നൽകുന്ന പരിഗണനയും കണ്ട് ഏറെ സന്തോഷിച്ചിരുന്നു. എന്നാൽ നിർഭാഗ്യകരമെന്ന് പറയട്ടെ, ഫോമയുടെ റ്റാമ്പായിൽ വെച്ച് നടന്ന സമ്മേളനവേദിയിൽ ചില സ്ഥാനാർത്ഥി മോഹികളുടെയും, സ്വാർത്ഥ താല്പര്യക്കാരുടെയും, പെരുമാറ്റം എന്നെ വല്ലാതെ വേദനിപ്പിച്ചു. ഫോമയുടെ സമ്മേളനത്തെ മൊത്തം ഹൈജാക്ക് ചെയ്യുന്ന മോശം പ്രവണതയെ തടയാൻ ആർക്കും കഴിഞ്ഞില്ല എന്നത് സങ്കടകരമായി തോന്നി.

ഫോമാ നിലകൊള്ളുന്ന മൂല്യങ്ങൾക്കും ആശയങ്ങൾക്കും കടകവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ചിലരെങ്കിലും ആ സമ്മേളനത്തെയും മയൂഖം പരിപാടിയെയും തകർക്കാൻ ശ്രമിച്ചുവെന്നത് വേദനാജനകമാണ്. അതും ഒരു പ്രസിഡന്റ് സ്ഥാനാർത്ഥിയുടെ നേതൃത്വത്തിൽ. അദ്ദേഹത്തിന്റെ മുന്നണിയിൽ നിന്ന് മത്സരിക്കുന്നവർ തന്നെയാണ് ഗ്രേറ്റ് ലേക്ക് റീജിയനിൽ (ഡെട്രോയിറ്റ്) നിന്നും എന്നെ മത്സരിക്കുന്നതിൽ വിലക്കിയതും അവസരം നിഷേധിച്ചതും എന്നത് എനിക്ക് പറയാതിരിക്കാൻ കഴിയില്ല. ഇവർ എന്ത് തരത്തിലുള്ള സന്ദേശമാണ് സമൂഹത്തിനും, മലയാളിക്കും നൽകുന്നത്? സാമൂഹിക പ്രവർത്തനങ്ങളിലേക്ക് കടന്നുവരുന്ന വനിതകൾക്കയും അവരുടെ കുടുംബങ്ങൾക്കും എന്ത് വിലയാണ് ഇവർ കല്പിച്ചു നൽകുന്നത്.

എഴുപതുകളുടെ അവസാനവും, എൺപതുകളുടെ തുടക്കത്തിലും മുഖ്യധാരാ രാഷ്ട്രീയത്തിൽ സജീവമായ ഇടപെടലുകൾ നടത്തിയ വനിതാ സമൂഹത്തിലെ ഒരു വിഭാഗത്തെ ‘സൊസൈറ്റി ലേഡി’ എന്ന മുദ്രകുത്തി അപഹാസ്യരായി വേർതിരിച്ചു നിർത്തുന്ന ഒരു സാഹചര്യമായിരുന്നു നിലനിന്നിരുന്നത്. സ്ത്രീകൾ സാമൂഹ്യ പ്രവർത്തനത്തിന്റെ ഭാഗമായി വരാതിരിക്കുന്നതിനോ, വരുന്നവരെ അവർ ചെയ്യുന്ന പ്രവൃത്തിയെ മാനദണ്ഡമായി കണക്കാക്കാതെ സ്ത്രീലോലുപത്വത്തിന്റെ (അഥവാ പൊങ്ങച്ചത്തിന്റെ) ഭാഗമായി മാത്രം കാണുന്ന ഒരു സ്ഥിതിവിശേഷമായിരുന്നു. സ്ത്രീ വിമോചന പ്രസ്ഥാനങ്ങളെ കുറിച്ചുള്ള കാഴ്ചപ്പാടുകളിലെ വിഭിന്ന അഭിപ്രായങ്ങളും, സ്ത്രീപക്ഷ നിലപാടുകളിലെ ഗ്രാഹ്യമില്ലായ്മയുമൊക്കെ ഇതിനു കാരണമായിട്ടുണ്ട്. മുപ്പതുകളിൽ സാഹിത്യ രംഗത്തും ചലചിത്ര-നാടക മേഖലകളിലുമൊക്കെ സൊസൈറ്റി ലേഡി അഥവാ കൊച്ചമ്മാർ അപഹാസ്യരായ കഥാപാത്രങ്ങളായി രംഗപ്രവേശനം ചെയ്‌തതും ഇതുമായി ചേർത്ത് വായിക്കുമ്പോഴാണ് വിദ്യാഭാസ രംഗത്തുണ്ടായ കുതിച്ചു ചാട്ടവും, വാർത്താ വിനിമയ രംഗത്തുണ്ടായ വിപ്ലവകരമായ മാറ്റങ്ങളും, ആഗോള വൽക്കരണത്തിന്റെയും പാശ്ചാത്യ രാഷ്ട്രങ്ങളുടെ നിലപാടുകളുമൊക്കെ പൊടുന്നനെ സ്ത്രീ സമൂഹത്തോടുള്ള കാഴ്ചപ്പാടിലുണ്ടാക്കിയ മാറ്റം ശ്രദ്ധേയമാകുന്നത്.

ബ്രാഹ്മണ സമുദായത്തിലെ അനാചാരങ്ങളെ തുറന്നുകാട്ടുന്ന അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന നാടകം 1929ലാണ് വി.ടി. ഭട്ടതിരിപ്പാട് രചിച്ചത്. . കേരള നവോത്ഥാന പ്രസ്ഥാനത്തിന് ഉണർവും ഊർജ്ജവും നൽകിയ ഈ നാടകം 1929 ഡിസംബര്‍ 24 ന് യോഗക്ഷേമ സഭയുടെ ഇരുപത്തിരണ്ടാം വാര്‍ഷികത്തില്‍ തൃശൂരിലെ എടക്കുന്നിയിലായിരുന്നു ആദ്യം അവതരിപ്പിച്ചത്. തുടർന്ന് മലയാളത്തിൽ സ്ത്രീ കഥാപാത്രങ്ങൾക്ക് മുൻതൂക്കം നൽകുന്നതും സാമൂഹ്യ പരിവർത്തനത്തിനുതകുന്നതുമായ കഥയും, നാടകങ്ങളും ചലച്ചിത്രങ്ങളും ഉണ്ടായി.

എന്നാൽ അന്നുമിന്നും സ്ത്രീകൾക്ക് മുഖ്യധാരാ രാഷ്ട്രീയത്തിലും, സാമൂഹ്യ പരിഷ്കരണ വേദിയിലും അർഹമായ പരിഗണനകൾ നൽകുന്നതിന് സംഘടനകൾ ശ്രമിക്കുന്നുണ്ടോ എന്നത് ഗൗരവമായി ചർച്ച ചെയ്യേണ്ട വിഷയമാണ്. പ്രത്യേകിച്ചും പ്രവാസി സംഘടനകളിൽ. സ്ത്രീ പക്ഷവാദമെന്ന നിലപാടുകൾ പലപ്പോഴും തെറ്റായി വ്യാഖ്യാനിക്കപ്പെടാൻ ഇടയായിട്ടുള്ളത് കൊണ്ട് തന്നെ ലിംഗസമത്വവാദം എന്ന പദമാകും കൂടുതൽ പരിഗണിക്കപ്പെടേണ്ടത് എന്ന് തോന്നുന്നു. പക്ഷെ ലിംഗസമത്വവാദത്തിൽ സ്ത്രീകൾക്ക് ലഭിക്കേണ്ട പരിഗണനകളും, പദവികളും ക്ര്യത്യമായ ലക്ഷ്യത്തോടെ ഉപയോഗിക്കപ്പെടുന്നില്ലെങ്കിൽ അതിന്റെ പ്രസക്തി തന്നെ നഷ്ടപ്പെടും.

2021 ൽ ലോക സാമ്പത്തിക ഫോറം പ്രസിദ്ധീകരിച്ച ആഗോള ലിംഗ വ്യത്യാസ രേഖ പ്രകാരം, 156 രാജ്യങ്ങളിൽ 0.625 സ്‌കോറോടെ ഇന്ത്യ 140-ാം സ്ഥാനത്താണ്.

ഐക്യരാഷ്ട്രസഭയുടെ വികസന പരിപാടിയുടെ ഭാഗമായി എല്ലാവർഷവും പുറത്തിറക്കുന്ന ലിംഗ അസമത്വ സൂചിക (ജി.ഐ.ഐ)യില്‍ 125-ാം സ്ഥാനത്താണ് ഇന്ത്യ. (മാനവ വികസന റിപ്പോര്‍ട്ട് 2016).ചുരുക്കത്തിൽ ആഗോള വൽക്കരണത്തിന്റെയും, സാമൂഹ്യ മാധ്യമ രംഗത്തെ കുതിച്ചു ചാട്ടങ്ങൾക്കിടയിലും സ്ഥിതികൾ ആശാവഹമല്ല എന്നർത്ഥം.

അമേരിക്ക സ്ത്രീകൾക്ക് തുല്യ നീതിയും, പരിരക്ഷയും നൽകുന്ന രാജ്യമാണ്. അമേരിക്കയിൽ ജീവിക്കുന്നവരും അമേരിക്കൻ നിയമങ്ങളും, കാഴ്ചപ്പാടുകളുമാണ് പുലർത്തേണ്ടത്. എന്നാൽ പ്രവാസികൾ അത്തരം മൂല്യങ്ങൾ നോക്കിക്കാണുമ്പോഴും, അവർ ജീവിച്ചു പോന്നിരുന്ന മൂല്യങ്ങളും, ആചാരങ്ങളുമൊക്കെ പിന്തുടരുന്നവരുമാണ്. പക്ഷെ നമ്മുടെ സാമൂഹ്യ സംഘടനകളിൽ ചിലരെങ്കിലും ഇപ്പോഴും പഴഞ്ചൻ രീതിയിലാണ് സ്ത്രീകളെ നോക്കി കാണുന്നത്.

അമേരിക്കയിലെ സംഘടനകൾ ലിംഗസമത്വത്തിന് നിലകൊള്ളുന്നവരായിരിക്കണം. നിർഭാഗ്യവശാൽ എല്ലായ്‌പോഴും അങ്ങിനെയല്ല, പ്രവാസി സംഘടനകളെ പരിശോധിച്ചാൽ പ്രത്യേകിച്ചും,.അല്ലെങ്കിൽ എല്ലാ സംഘടനകളും അങ്ങിനെയല്ല എന്ന് നമുക്ക് തെളിവുകൾ നിരത്തി സ്ഥാപിക്കാൻ കഴിയും. വൈദേശിക ജീവിതത്തിനിടയിലും, പൗരാണികവും, ഉപേക്ഷിക്കപ്പെടേണ്ടതുമായ മാമൂലുകളിലാണ് നാം അഭിരമിക്കുന്നത്. ഇതുകൊണ്ട് തന്നെ, കുടിയേറ്റത്തിലൂടെ അമേരിക്കയിലെത്തിച്ചേർന്ന ആതുരസേവനരംഗത്തെയും വിവരസാങ്കേതിക രംഗങ്ങളിലെയുമടക്കം പ്രതിഭയുള്ള, നേതൃത്വഗുണമുള്ള സ്ത്രീകൾ പിന്തള്ളപ്പെടുകയോ, അവഗണിക്കപ്പെടുകയോ ചെയ്യുന്നു.

മുൻ നിരയിലേക്ക് വരാൻ ആഗ്രഹിക്കുന്ന വനിതാ പ്രവർത്തകരെ ഭീഷണിപ്പെടുത്തുകയോ, നിരുത്സാഹപ്പെടുത്തുകയോ, അതുമല്ലെങ്കിൽ സാമൂഹ്യ മാധ്യമത്തിൽ താറടിച്ചു കാണിക്കുകയോ ചെയ്യുന്നത് ഒരു ശീലമായിരിക്കുന്നു.

ഫോമയുടെ റ്റാമ്പായിൽ നടന്ന മയൂഖം കിരീടധാരണ വേദിയിൽ വെച്ച് വരാനിരിക്കുന്ന തെരെഞ്ഞടുപ്പിൽ മത്സരിക്കുന്ന പ്രസിഡന്റ് സ്ഥാനാർത്ഥിയുടെ നേതൃത്വത്തിൽ ഒരു കൂട്ടം ബുദ്ധിശൂന്യരും സംസ്കാരം തൊട്ടു തീണ്ടിയിട്ടില്ലാത്തവരുമായവർ ഞാനുൾപ്പെടെ വേദിയിലുള്ള സ്ത്രീകളെ അപമാനിക്കുവാൻ ശ്രമിച്ചത് ഏറ്റവും മ്ലേച്ഛവും അപലപനീയവുമായ ഒരു പ്രവർത്തിയായി കരുതുന്നു, ഇങ്ങനെയൊരു വേദിയിൽ നേരിട്ട അപമാനത്തിനു സാക്ഷ്യം വഹിച്ച എനിക്ക് അതിപ്പോഴും ഉൾക്കൊളളാനായിട്ടില്ല. അതെ വേദിയിൽ വച്ച് തന്നെ സ്ത്രീപക്ഷ നിലപാടുകൾക്ക് വേണ്ടി നിലകൊള്ളുന്ന ഒരു വ്യക്തിയെന്ന നിലയിൽ അതിനെതിരെ ശക്‌തമായി പ്രതികരിക്കേണ്ട സാഹചര്യമുണ്ടായി.

ഫോമയ്‌ക്ക് മഹത്തായ ഒരു പാരമ്പര്യമുണ്ട്. സ്ത്രീകളെ ബഹുമാനിക്കുകയും, ആദരിക്കുകയും ചെയ്യുന്ന നേതൃത്വ ഗുണമുള്ളവരിൽ നിന്ന് അത് സംസ്കാര വിരുദ്ധരുടെ കയ്യിൽ എത്തിച്ചേരുന്നത് ഒട്ടും ആശാസ്യമല്ല. ലിംഗ സമത്വവും,പരസ്പര ബഹുമാനവും അതോടൊപ്പം അധികാരം പങ്കുവയ്ക്കലും ഉള്ളിടത്താണ് വ്യക്തിസ്വാതന്ത്ര്യത്തോടുകൂടി പ്രവർത്തിക്കുവാനുമുള്ള വേദിയുണ്ടാവുന്നതും ഏതൊരു സംഘടനയും വളർച്ച കൈവരിക്കുന്നതും,

കുടുംബബന്ധങ്ങൾക്കും സാമൂഹികബന്ധങ്ങൾക്കും ഫോമ എത്രമാത്രം വിലകല്പിക്കുന്നു എന്നതിന് ഒരു ഉത്തമ ഉദാഹരണമാണ് കുടുംബിനിയും അതിലുപരി ക്യാൻസർ എന്ന മഹാരോഗത്തിനെതിരെ പടപൊരുതി ജീവിതത്തിലേക്ക് തിരികെയെത്തിയ എന്നെ ഒരു നിബന്ധനകളുമില്ലാതെ ചേർത്തു നിർത്തിയത്, ഫോമയുടെ പ്രവർത്തകരോട്, വനിതാ നേതൃത്വത്തിനോട് ആദരവും സ്നേഹവും മാത്രം.

Women’s Political Representation and Empowerment in India: A Million Indiras Now? എന്ന പ്രശസ്ത പുസ്തകത്തിന്റെ രചയിതാവായ എവ്ലിന്‍ ഹസ്റ്റ് പറയുന്നത് ഘടനാപരമായ മാറ്റത്തിലേക്കുള്ള പ്രാഥമിക ചുവടുവയ്പാണ് രാഷ്ട്രീയ ഘടനയിലേക്കുള്ള സ്ത്രീകളുടെ രംഗപ്രവേശവും, ഇടപെടലുകളും എന്നാണ് . അത്തരം ഇടപെടലുകൾക്ക് സ്ത്രീകളെ പ്രാപ്തരാക്കാനും, തോളോട് തോൾ ചേർത്ത് നിർത്താനും, സംഘടനകൾക്കും അതിന്റെ പ്രവർത്തകർക്കും ഉത്തരവാദിത്വമുണ്ട്. ഫോമാ എന്നും അങ്ങനെയായിരുന്നു.വരുംകാലങ്ങളിലും അങ്ങനെയാകണമെന്ന് ആഗ്രഹിക്കുന്നു.