ആംസ്റ്റർഡാം: പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട ബിജെപി വക്താവ് നൂപുർ ശർമ്മയെ പിന്തുണച്ച് ഡച്ച് എംപി ഗീർട്ട് വൈൽഡേഴ്‌സ്. സത്യം പറഞ്ഞതിന് ആരെയും ശിക്ഷിക്കുകയോ മാപ്പ് പറയുകയോ ചെയ്യരുതെന്നും സാമ്പത്തിക ലാഭത്തിനായി ഒരു രാജ്യം സ്വാതന്ത്ര്യം നഷ്ടപ്പെടുത്തരുതെന്നും ഗീർട്ട് പറഞ്ഞു. ഇന്ത്യയിലെ സ്വാതന്ത്ര്യം അപകടത്തിലാണ്. ഇന്ത്യയും നെതർലാൻഡും പോലുള്ള ജനാധിപത്യ രാജ്യങ്ങൾക്ക് നിയമവാഴ്ചയുണ്ടെന്നും ഒരാൾ അതിരുകടന്നാൽ തീരുമാനിക്കേണ്ടത് കോടതികളാണെന്നും ഗീർട്ട് പറഞ്ഞു.

നൂപൂർ ശർമ്മ പറഞ്ഞത് നിങ്ങൾക്ക് ഇഷ്ടപ്പെടുകയോ ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്യാം. പക്ഷേ അവൾക്ക് സംസാരിക്കാൻ അവകാശമുണ്ട്. സംസാര സ്വാതന്ത്ര്യം ജനാധിപത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂല്യങ്ങളിലൊന്നാണെന്ന് ഡച്ച് നിയമനിർമ്മാതാവ് കൂട്ടിച്ചേർത്തു. ഒരു ടിവി വാർത്താ സംവാദത്തിനിടെ പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് പരാമർശിച്ചതിന് പിന്നാലെയാണ് നൂപുർ ശർമ്മ വിമർശനത്തിന് വിധേയയായത്. അതേ സമയം നൂപുറിനെ പിൻതുണച്ചതിന് പിന്നാലെ തനിക്കും വധഭീഷണിയുണ്ടെന്നും ഗീർട്ട് വൈൽഡേഴ്‌സ് പറഞ്ഞു. “ഞാൻ നൂപൂർ ശർമ്മയെ പിന്തുണച്ചത് മുതൽ എനിക്കും നിരവധി വധഭീഷണികളുണ്ട്. ശർമ്മയ്ക്ക് എന്ത് നേരിടേണ്ടിവരുമെന്ന് എനിക്കറിയാം. ഞാൻ അവളെ പിന്തുണയ്ക്കണം. കാരണം അവൾ തെറ്റൊന്നും ചെയ്തിട്ടില്ല,” അദ്ദേഹം പറഞ്ഞു.

“ഞാൻ ഒരു ഖുറാൻ വാക്യത്തെക്കുറിച്ച് ഫിത്‌ന എന്ന സിനിമ ചെയ്തു. ഇസ്ലാമിക ആശയങ്ങളെ വിമർശിച്ചു. അതിനായി എനിക്ക് അൽ-ഖ്വയ്‌ദയിൽ നിന്നും താലിബനിൽ നിന്നും ഭീഷണി ഉണ്ടായി. എനിക്ക് എന്റെ വീട് വിട്ടുപോകേണ്ടിവന്നു. ഞാൻ ഒരു സുരക്ഷിത ഭവനത്തിലാണ് താമസിച്ചിരുന്നത്. ഇസ്‌ലാമിനെ വിമർശിച്ചതിന് 17 വർഷമായി പോലീസിന്റെ സംരക്ഷണമില്ലാതെ എനിക്ക് തെരുവിലൂടെ നടക്കാൻ പറ്റിയിട്ടില്ല. എനിക്ക് എന്റെ വ്യക്തിസ്വാതന്ത്ര്യം നഷ്ടപ്പെട്ടു,” അദ്ദേഹം കൂട്ടിച്ചേർത്തു. നെതർലാന്റിൽ ഇസ്ലാം നിരോധനത്തിനായി പ്രചാരണം നടത്തിയ നേതാക്കളിൽ ഒരാളാണ് വൈൽഡേഴ്‌സ്. “അസഹിഷ്ണുതയുള്ളവരോട് സഹിഷ്ണുത പുലർത്തുന്നത്” രാജ്യങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം അവകാശപ്പെട്ടു. ‘

അതേ സമയം സൗദി അറേബ്യ, കുവൈറ്റ്, ഖത്തർ, ഒമാൻ, യുഎഇ, ജോർദാൻ, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബഹ്‌റൈൻ, തുർക്കി, ഇറാൻ തുടങ്ങി പത്തോളം രാജ്യങ്ങൾ ഇതുവരെ നൂപുർ ശർമയുടെ പരാമർശത്തെ അപലപിച്ച് രം ഗത്ത് വന്നിട്ടുണ്ട്. ഖത്തറും കുവൈത്തും ഇന്ത്യയിൽ നിന്ന് പരസ്യമായ ക്ഷമാപണം പ്രതീക്ഷിക്കുന്നതായി പോലും പറഞ്ഞു. ചില രാജ്യങ്ങൾ ഇന്ത്യൻ പ്രതിനിധികളെ വിളിച്ചുവരുത്തി വിശദീകരണം തേടിയുരുന്നു.