വിമാനയാത്ര ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. മേഘക്കൂട്ടങ്ങളെ കീറിമുറിച്ച് ആകാശത്തിലൂടെയുള്ള യാത്ര നല്ല രസമാണെങ്കിലും ഏത് യാത്രയേയും പോലെ റിസ്‌കുകൾ അടങ്ങിയതാണ് വിമാനയാത്രയും. എന്നാൽ കഴിഞ്ഞ ദിവസം ബ്രസീലിന് മുകളിലൂടെ പറന്ന ഒരു വിമാനത്തിലെ യാത്രക്കാർ പറയുന്നത് കായികബലവും കൂടി ഉണ്ടെങ്കിൽ ധൈര്യമായി ആകാശയാത്രയ്‌ക്ക് തയ്യാറായിക്കോളു എന്നാണ്. എന്താണ് കാരണമെന്നല്ലേ?

ജോർദാവോയിൽ നിന്നുള്ള ഒരു വിമാനം റിയോ ബ്രാങ്കോയിലേക്ക് പോകുന്നതിനിടെ അതിന്റെ വാതിൽ തുറന്നുപോയി. വിമാനത്തിന്റെ മദ്ധ്യേ സപ്പോർട്ട് കേബിളുകളിലൊന്ന് പൊട്ടിയതിനാലാണ് വാതിൽ തുറന്നത്. തുടർന്ന് യാത്രക്കാർ ചേർന്ന് വിമാനത്തിന്റെ വാതിലിൽ മുറുകെ പിടിക്കുകയും വിമാനത്തിൽ നിന്ന് വാതിൽ വേർപെട്ട് പോവാതിരിക്കാൻ കഠിനപ്രയത്‌നം നടത്തുകയുമായിരുന്നു.

ലാൻഡ് ചെയ്യുന്നത് വരെ വിമാനത്തിന്റെ വാതിൽ ഇങ്ങനെ മുറുകെ പിടിക്കുകയായിരുന്നു യാത്രക്കാർ.ഹാൻഡ്റെയിൽ പ്രൊപ്പല്ലറിൽ ഇടിച്ചതിനെ തുടർന്ന് പൈലറ്റിന് ഇടത് എഞ്ചിൻ ഷട്ട്ഡൗൺ ചെയ്യേണ്ടിയും വന്നിരുന്നു.ഇതിന്റെ വീഡിയോയും ഫോട്ടോകളും ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.

ബ്രസീലിയൻ ഇരട്ട-ടർബോപ്രോപ്പ് ലൈറ്റ് എയർക്രാഫ്റ്റായ എംബ്രയർ 110 ബാൻഡെറാന്റേയാണ് വിമാനമെന്നാണ് വിവരം. ചെറു വിമാനമായ ഇതിൽ ഒരേ സമയം 15 മുതൽ 21 വരെ യാത്രക്കാർക്ക് പറക്കാൻ കഴിയും.
റിയോ ബ്രാങ്കോ എയറോടാക്സിയാണ് വിമാനം ഓടിച്ചിരുന്നതെന്ന് സംഭവത്തെ തുടർന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.സംഭവത്തിൽ യാത്രക്കാർക്ക് കാര്യമായ പരിക്കില്ലെന്നാണ് വിവരം.