മലയാളത്തിലെ എക്കാലത്തേയും പ്രിയ നായികമാരിലൊരാളായ പാർവ്വതിയുടെ റാംപ് വാക്ക് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കൈത്തറി വസ്ത്രങ്ങളുടെ ഫാഷൻ ഷോയിലാണ് പാർവ്വതി തിളങ്ങിയത്. കേരള ഗെയിംസിനോട് അനുബന്ധിച്ച് വിവേഴ്‌സ് വില്ലേജിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പാർവ്വതിയ്‌ക്കൊപ്പം മകൾ മാളവികയും ഷോയുടെ ഭാഗമായിരുന്നു.

ഇപ്പോഴിതാ പാർവ്വതിയും മകളും റാംപിൽ തിളങ്ങിയതിന്ഞറെ സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് ജയറാം. ഇരുവരും റാംപിലൂടെ നടക്കുന്നതിന്റെ ചിത്രങ്ങളാണ് ജയറാം പങ്കുവെച്ചത്. ‘എന്റെ ജീവിതത്തിലെ സ്ത്രീകൾ രണ്ടുപേരും തിളങ്ങുന്നത് കാണുന്നതിൽ അഭിമാനമുണ്ട്’ എന്നാണ് ചിത്രം പങ്കുവെച്ച് ജയറാം കുറിച്ചത്. ഹാൻഡ് ലൂം കസവ് സാരി ധരിച്ചാണ് പാർവ്വതി റാംപിലെത്തിയത്.

തിരുവനന്തപുരം കനകക്കുന്ന് പാലസിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ മെയ് എട്ടിനാണ് ഷോ നടന്നത്. ട്രാൻസ്, ഭിന്നശേഷിക്കാർ, വീട്ടമ്മമാർ, കുട്ടികൾ, വയോധികർ എന്നിവരുൾപ്പെടെ 250ഓളം ആളുകൾ ഷോയുടെ ഭാഗമായി. സുസ്ഥിര ഫാഷൻ എന്ന ആശയം ഉയർത്തിപ്പിടിച്ച ഫാഷൻ ഷോയിലൂടെ പരിശീലനത്തിന് ബുദ്ധിമുട്ടുന്ന കായിക താരങ്ങൾക്കുള്ള ധനസമാഹരണവും കൈത്തറി മേഖലയ്‌ക്ക് കൈത്താങ്ങാവലുമാണ് ലക്ഷ്യമിട്ടത്.