സാമ്പത്തിക പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന ശ്രീലങ്കയെ സഹായിക്കുമെന്ന് ഇന്ത്യ. എന്നാൽ ജനകീയ പ്രക്ഷോഭങ്ങൾ അരങ്ങേറുന്ന രാജ്യത്തേയക്ക് ഇന്ത്യൻ സൈന്യത്തെ അയക്കില്ലെന്ന് കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ പറഞ്ഞു. ശ്രീലങ്കയിലേക്ക് സൈന്യത്തെ അയക്കുമെന്ന വാർത്തകൾ പ്രചരിച്ചതിന് പിന്നാലെയാണ് ഇന്ത്യൻ ഹൈക്കമ്മീഷന്റെ വിശദീകരണം.

സാമ്പത്തിക മേഖലയുടെ തിരിച്ചു വരവിനായി ഇന്ത്യ എല്ലാ സഹായവും ചെയ്യും. എന്നാൽ സൈന്യത്തെ അയക്കില്ലെന്നും ഹൈക്കമ്മീഷൻ അറിയിച്ചു. സൈന്യത്തെ അയക്കുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. ഇത്തരം പ്രചാരണങ്ങളും കാഴ്‌ച്ചപ്പാടുകളും ഇന്ത്യൻ സർക്കാരിന്റെ നിലപാടുമായി യോജിക്കുന്നതല്ലെന്നും ഹൈക്കമ്മീഷൻ ട്വിറ്ററിലൂടെ അറിയിച്ചു.

പ്രതിഷേധങ്ങൾക്കിടെ രാജിവച്ച പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ അടക്കമുള്ള നേതാക്കൾ ഇന്ത്യയിലേക്ക് കടന്നതായുള്ള പ്രചാരണങ്ങളും ഇന്ത്യൻ ഹൈക്കമ്മിഷൻ തള്ളിയിരുന്നു. ഇന്ത്യ, ശ്രീലങ്കയിൽ നിന്നുള്ള രാഷ്‌ട്രീയ നേതാക്കൾക്കോ കുടുംബാംഗങ്ങൾക്കോ അഭയം നൽകിയിട്ടില്ലെന്നും യാതൊരു അടിസ്ഥാനമില്ലാത്ത വാർത്തകളാണ് പ്രചരിക്കുന്നതെന്നുമാണ് ഇന്ത്യൻ ഹൈക്കമ്മിഷൻ ട്വീറ്റ് ചെയ്തത്.