അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങളുടെ പേരിൽ അറസ്റ്റിലായ പി.സി ജോർജ്ജ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് സർക്കാർ. ഇതിന്റെ അടിസ്ഥാനത്തിൽ ജാമ്യം റദ്ദാക്കണമെന്നും പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു

കോടതിയോട് പോലും ബഹുമാനം ഇല്ലാതെ എന്തും വിളിച്ചു പറയുന്നു. അദ്ദേഹത്തിന് സംസാരിക്കാനുള്ള അവകാശമുണ്ട്. പക്ഷേ അത് മറ്റൊരാളുടെ മതസ്വാതന്ത്യത്തെ ഹനിക്കുന്നതാകരുതെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. പ്രോസിക്യൂഷനെ കേൾക്കാതെയാണ് ജാമ്യം നൽകിയതെന്ന വാദം സർക്കാർ മുന്നോട്ട് വച്ചെങ്കിലും ഈ കേസിൽ അത് നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞു.

ജാമ്യ വ്യസ്ഥ ലംഘിക്കുക മാത്രമല്ല, സമാന കുറ്റങ്ങൾ പിസി ജോർജ്ജ് ആവർത്തിക്കുകയും ചെയ്യുന്നതായും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പാലാരിവട്ടത്തെ വിദ്വേഷ പ്രസംഗത്തിന്റെ സി.ഡി പ്രതിഭാഗത്തിന് നൽകാനും കോടതി നിർദേശം നൽകി.

ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസ് വീണ്ടും ഈ മാസം 17 ലേക്ക് മാറ്റി.