നിരോധനം നീക്കി തന്റെ ട്വി​റ്റര്‍ അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് യു.എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമര്‍പ്പിച്ച ഹര്‍ജി കാലിഫോര്‍ണിയ ഫെഡറല്‍ കോടതി തള്ളി.

സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങള്‍ക്കുള്ള അവകാശങ്ങള്‍ ലംഘിച്ചാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന ട്രംപിന്റെ വാദം തള്ളിയ കോടതി ഹര്‍ജിയിലെ വാദങ്ങള്‍ ദുര്‍ബലമാണെന്നും സമൂഹത്തില്‍ ദോഷഫലങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന അക്കൗണ്ടുകളും ഉള്ളടക്കങ്ങളും നിരോധിക്കാനുള്ള അധികാരം ട്വിറ്ററിനുണ്ടെന്ന് അതിന്റെ സേവന നിബന്ധനകളില്‍ അനുശാസിക്കുന്നതായും വ്യക്തമാക്കി. ട്വി​റ്റര്‍ മുന്‍ മേധാവി ജാക്ക് ഡോര്‍സി ഉള്‍പ്പെടെയുള്ളവരെയും ട്രംപ് ഹര്‍ജിയില്‍ പ്രതി ചേര്‍ത്തിരുന്നു.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ നടത്തിയ പ്രസംഗത്തിന് പിന്നാലെ ജനങ്ങളെ പ്രകോപിക്കുകയും ആക്രമണങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്ന തരത്തിലെ ട്വീറ്റുകള്‍ ചെയ്തെന്ന് കാട്ടിയാണ് ട്രംപിന്റെ അക്കൗണ്ട് ട്വിറ്റര്‍ അനിശ്ചിതമായി നീക്കം ചെയ്തത്.