ബ ഹാമസിലെ ആഡംബര റിസോര്‍ട്ടായ സാന്‍ഡല്‍സ് റിസോര്‍ട്ടില്‍ താമസിച്ചിരുന്ന അമേരിക്കന്‍ ദമ്ബതികള്‍ ദുരൂഹ സാഹചര്യത്തില്‍ മരണമടയുന്നതിനു മുന്‍പായി ശാരിരിക അസ്വസ്ഥകള്‍ ഉള്ളതായി പരാതിപ്പെട്ടിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

ഇതേ റിസോര്‍ട്ടില്‍ മറ്റൊരു വില്ലയില്‍ ഒരു വ്യക്തി മരണപ്പെട്ടതുമായി ബന്ധപ്പെട്ട് അന്വേഷണത്തിനെത്തിയ പൊലീസാണ് ഈ ദമ്ബതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബഹാമസിലെ എക്സ്യുമയിലെ സാന്‍ഡല്‍സ് എമറാള്‍ഡ് ബേ റിസോര്‍ട്ടിലാണ് രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞത്. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച്ചയായിരുന്നു സംഭവം. മറ്റൊരു അമേരിക്കന്‍ വനിതയെ ഗുരുതരാവസ്ഥയില്‍ തലസ്ഥാനമായ നസ്സാവുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ബഹാമസ് ടൂറിസം മന്ത്രി അറിയിച്ചു. എയര്‍ ആംബുലന്‍സ് വഴിയാണ് അവരെ ഇവിടെ എത്തിച്ചത്.

രണ്ടാമത്തെ വില്ലയില്‍ താമസിച്ചിരുന്ന ദമ്ബതികള്‍ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അടുത്തുള്ള ഒരു ഡോക്ടറെ സന്ദര്‍ശിച്ചിരുന്നതായി അന്വേഷണോദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ചികിത്സയ്ക്ക് ശേഷം അവര്‍ മടങ്ങുകയും ചെയ്തു. ഇവരുടെ യഥാര്‍ത്ഥ മരണകാരണം അറിയാനായി പൊലീസ് ഒട്ടോപ്സി റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്. മറ്റു തരത്തില്‍ സംശയിക്കപ്പെടേണ്ട തെളിവുകള്‍ ഒന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ല എന്നും പൊലീസ് പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതിനനുസരിച്ച്‌ അക്കാര്യങ്ങള്‍ പുറത്തുവിടുമെന്ന് ടൂറിസം മന്ത്രി ഉറപ്പു നല്‍കി. ഏകദേശം 500 ഏക്കറില്‍ പരന്നു കിടക്കുന്ന ഈ റിസോര്‍ട്ടില്‍മുതിര്‍ന്നവര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്.ഒരു മൈല്‍ നീളമുള്ള കടല്‍ത്തീരമാണ് ബീച്ചിന് സ്വന്തമായിട്ടുള്ളത്. 11 റെസ്റ്റോറന്റുകളും മൂന്ന് നീന്തല്‍ കുളങ്ങളും ഒരു ഗോള്‍ഫ് കോഴ്സും ഉള്‍പ്പടെ എല്ലാ ആഡംബര സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.

രാത്രിയും പകലും നടക്കുന്ന ടെന്നീസ് മത്സരം, ബീച്ച്‌ വോളിബോള്‍, ബാസ്‌കറ്റ്ബോള്‍, തുടങ്ങിയ കായിക വിനോദങ്ങളില്‍ അതിഥികള്‍ക്ക് സൗജന്യമായി പങ്കെടുക്കാം. ഇത്രയധികം ആഡംബരങ്ങള്‍ വാഗ്ദാനം നല്‍കുന്ന റിസോര്‍ട്ടിലാണ് ഇപ്പോള്‍ ഈ ദുരൂഹ മരണങ്ങള്‍ ഉണ്ടായിരിക്കുന്നത്. കൊലപാതകമെന്ന് സംശയിക്കാന്‍ തെളിവുകള്‍ ഒന്നുമില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നുണ്ട്. ഓട്ടോപ്സി വന്നതിനു ശേഷം കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുമെന്നാണ് പൊലീസ് കരുതുന്നത്.