രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,85,914 പേര്‍ കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കേസുകളുടെ എണ്ണം 4 കോടി പിന്നിട്ടു. ഏഴ് മാസം കൊണ്ടാണ് മൂന്നു കോടിയില്‍ നിന്ന് നാലുകോടിയായി കൊവിഡ് കേസ് ഉയര്‍ന്നത്. മൂന്നാം തരംഗത്തില്‍ മാത്രം ഇതുവരെ 50 ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

തുടര്‍ച്ചയായി രണ്ടാം ദിവസവും പ്രതിദിന കൊവിഡ് കേസ് മൂന്ന് ലക്ഷത്തിന് താഴെയായത് ആശ്വാസകരമായി. 665 പേര്‍ മരിച്ചു. 3 ലക്ഷത്തിനടുത്ത് ആളുകള്‍ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. 16.16 ശതമാണ് ടി പി ആര്‍. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞതോടെ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചു തുടങ്ങി. ഹരിയാനയില്‍ ഫെബ്രുവരി ഒന്ന് മുതല്‍ സ്‌കൂളുകള്‍ തുറക്കും. ഡല്‍ഹിയിലെ വാരാന്ത്യ കര്‍ഫ്യൂ പിന്‍വലിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണ്. നാളെ ചേരുന്ന കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനമുണ്ടാകും.

അതിനിടെ സംസ്ഥാനത്ത് കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആശങ്കയോ ഭയമോ വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആരോഗ്യപ്രവര്‍ത്തകരില്‍ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ പേരെ പുതിയതായി നിയമിക്കും. രോഗബാധിതര്‍ കൂടുന്ന തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനാണ് തീരുമാനം. പരിശോധിക്കുന്ന രണ്ടിലൊരാള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നതാണ് സംസ്ഥാനത്തെ നിലവിലെ സാഹചര്യം. തീവ്രവ്യാപനം തുടരുന്നതിനാല്‍ അതീവ ജാഗ്രത പാലിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. ആരോഗ്യപ്രവര്‍ത്തകരില്‍ രോഗവ്യാപനം ഉയരുന്നത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്. ഇന്നലെ അഞ്ഞൂറിലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.