മുൻ ക്യാപ്റ്റൻ ലസിത് മലിംഗ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിൻ്റെ ഫാസ്റ്റ് ബൗളിംഗ് പരിശീലകനായേക്കുമെന്ന് റിപ്പോർട്ട്. അടുത്ത മാസം നടക്കാനിരിക്കുന്ന ഓസ്ട്രേലിയൻ പര്യടനത്തിലാണ് മലിംഗ ലങ്കൻ ടീമിനെ ബൗളിംഗ് പരിശീലിപ്പിക്കുക. താത്കാലിക പരിശീലകനായാണ് നിലവിൽ മലിംഗയെ നിയമിക്കാൻ ആലോചിക്കുന്നത്. അടുത്ത മാസം അഞ്ച് ടി-20 മത്സരങ്ങളാണ് ശ്രീലങ്ക ഓസ്ട്രേലിയയിൽ കളിക്കുക.

അതേസമയം, ഓൾറൗണ്ടർ ഋഷി ധവാനും ബാറ്റർ ഷാരൂഖ് ഖാനും വെസ്റ്റ് ഇൻഡീസ് പരിമിത ഓവർ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയേക്കുമെന്ന് സൂചന. സമീപകാലത്തായി ആഭ്യന്തര മത്സരങ്ങളിൽ നടത്തിയ മികച്ച പ്രകടനങ്ങൾ പരിഗണിച്ചാണ് ഇരുവരെയും ഇന്ത്യൻ ടീമിൽ പരിഗണിക്കുന്നത്. മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങൾ അടങ്ങിയ പരിമിത ഓവർ പരമ്പരകൾ അടുത്ത മാസം 6ന് ആരംഭിക്കും.

ഋഷി ധവാനെ ഏകദിന ടീമിലേക്കും ഷാരൂഖ് ഖാനെ ടി-20 ടീമിലേക്കുമാണ് പരിഗണിക്കുന്നത്. ഹിമാചൽ പ്രദേശ് ഇക്കുറി വിജയ് ഹസാരെ ട്രോഫി സ്വന്തമാക്കിയപ്പോൾ ക്യാപ്റ്റനായ ഋഷി ധവാൻ പന്തുകൊണ്ടും ബാറ്റ് കൊണ്ടും തകർപ്പൻ പ്രകടനങ്ങൾ നടത്തിയിരുന്നു. 8 മത്സരങ്ങളിൽ നിന്ന് 17 വിക്കറ്റ് വീഴ്ത്തിയ താരം 458 റൺസും നേടി. ചരിത്രത്തിൽ ആദ്യമായി ഹിമാചലിന് ഒരു ആഭ്യന്തര കിരീടം സമ്മാനിച്ച ഋഷി ധവാനെ ദേശീയ ടീമിൽ പരിഗണിക്കനമെന്ന് പല കോണുകളിൽ നിന്ന് ആവശ്യമുയർന്നിരുന്നു. ഓൾറൗണ്ടർമാരായ രവീന്ദ്ര ജഡേജയും ഹാർദ്ദിക് പാണ്ഡ്യയും ഫിറ്റ് അല്ലാത്തതിനാലും വെങ്കടേഷ് അയ്യർക്ക് ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ മികച്ച പ്രകടനം നടത്താൻ സാധിക്കാതിരുന്നതിനാലും ഋഷി ധവാൻ ടീമിൽ ഇടം നേടുമെന്നാണ് കരുതപ്പെടുന്നത്.

കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ തമിഴ്നാട് താരമായ ഷാരൂഖ് ഖാനും മികച്ച പ്രകടനങ്ങൾ നടത്തി. ഐപിഎലിൽ പഞ്ചാബ് കിംഗ്സിനു വേണ്ടി കഴിഞ്ഞ സീസണുകളിൽ നടത്തിയ പ്രകടനങ്ങൾ താരത്തെ നേരത്തെ തന്നെ സെലക്ടർമാരുടെ ശ്രദ്ധയിലെത്തിയിരുന്നു. കഴിഞ്ഞ സീസൺ സയ്യിദ് മുഷ്താഖ് അലി ട്രോഫി ഫൈനലിൽ കർണാടകയ്ക്കെതിരെ അവസാന പന്തിൽ സിക്സർ നേടി ഷാരൂഖ് ഖാൻ തമിഴ്നാടിനെ വിജയിപ്പിച്ചിരുന്നു.