പ്രമുഖ യാത്ര സംഘടകൻ സി നരേന്ദ്രൻ  അന്തരിച്ചു. 62 വയസ് ആയിരുന്നു. വിവേകാനന്ദ ട്രാവൽസ് ഗ്രൂപ്പ് ചെയർമാനും എംഡിയുമാണ്. മൂന്ന് ദിവസം മുമ്പുണ്ടായ പക്ഷാഘാതത്തെ തുടർന്ന് കോഴിക്കോട്ട സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് നാല് മണിക്ക് കോഴിക്കോട് മാവുർ റോഡ് ശ്മശാനത്തിൽ.

യാത്രകളെ ജനകീയമാക്കിയ സംഘാടകനായിരുന്നു സി നരേന്ദ്രൻ. നാന്നൂറിൽ പരം തവണ ഹിമാലായവും 20 ൽ പരം തവണ കൈലാസവും നരേന്ദ്രൻ കയറിയിട്ടുണ്ട്. ശബരിമല തീർത്ഥാടനത്തിനായി സംസ്ഥാനത്തിൻ്റെ എല്ലാ ഭാഗത്ത് നിന്നും യാത്രാ സംവിധാനം ഇദ്ദേഹം ഒരുക്കിയിരുന്നു. മികച്ച ട്രാവൽ ഗൈഡുമായിരുന്നു നരേന്ദ്രൻ.

1999-ല്‍ ന്യൂഡല്‍ഹിയിലെ ഗ്ലോബല്‍ ഇക്കണോമിക് കൗണ്‍സിലിന്റെ ‘രാഷ്ട്രീയ ഏകത അവാര്‍ഡ്’,  2002-ല്‍ അക്ഷയ പുസ്തകനിധിയുടെ ‘അക്ഷയ അവാര്‍ഡ് 2001’ എന്നിവ ലഭിച്ചിരുന്നു. ഭാര്യ: ഉഷ (റിട്ട. ഡെപ്യൂട്ടി ഡയറക്‌ടർ, ട്രഷറി). മക്കൾ: ഡോ.ഗായത്രി, ഗംഗ. പിതാവ് – പരേതനായ ഡോ.കെ.വി.സി. നാരായണൻ, നായർ മാതാവ് – പരേതയായ അമ്മാളു അമ്മ. സഹോദരങ്ങൾ: രാമദാസ് , സായിമണി, ശാരദാമണി, പരേതരായ ജയപ്രകാശൻ, രാജൻ, ജാതവേദൻ.