നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടിവയ്ക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം ദുരുദ്ദേശത്തോടെയുള്ളതാണെന്ന് ദിലീപ് സുപ്രിംകോടതിയില്‍. വിചാരണാ കോടതിയെ മാറ്റാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും വിചാരണ നീട്ടി നല്‍കാന്‍ അനുമതി നല്‍കരുതെന്നും മറുപടി സത്യവാങ്മൂലത്തില്‍ ദിലീപ് ആവശ്യപ്പെടുന്നു.

ഇതുവഴി ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുണ്ടായത് തനിക്കാണ്. താന്‍ പ്രതിയെന്ന നിലയില്‍ ജയിലില്‍ കഴിയേണ്ടിവന്നെന്നും അനന്തമായി വിചാരണ നീളുന്നത് കൊണ്ട് തന്റെ എല്ലാ വ്യക്തിപരമായ ഗുണങ്ങളും നഷ്ടപ്പെടുന്നു എന്നും ദിലീപ് മറുപടി സത്യവാങ്മൂലത്തില്‍ പറഞ്ഞു.

അതേസമയം ദിലീപിന്റെ ചോദ്യം ചെയ്യല്‍ ഏഴ് മണിക്കൂര്‍ പിന്നിട്ടു. ഗൂഡാലോചന സംബന്ധിച്ച് കൃത്യമായി തെളിവുകള്‍ ലഭിച്ചതായി എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു. കോടതിയില്‍ സമര്‍പ്പിച്ച തെളിവുകളെ പറ്റി ഇപ്പോള്‍ പുറത്ത് പറയാന്‍ കഴിയില്ല. ചോദ്യം ചെയ്യലിന് കൂടുതല്‍ സമയം വേണമെങ്കില്‍ കോടതിയോട് ആവശ്യപ്പെടും. കേസിലെ വിഐപി ആരാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും നടിയെ ആക്രമിച്ച കേസില്‍ കൂറുമാറിയവരുടെ വിശദ വിവരങ്ങള്‍ അന്വേഷിക്കുമെന്നും എഡിജിപി പ്രതികരിച്ചു. ചോദ്യം ചെയ്യലിന്റെ പുരോഗതി എസ് ശ്രീജിത്തും ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗര്‍വാളും ചേര്‍ന്ന് വിലയിരുത്തി.

കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫിസിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. ദിലീപ് അടക്കമുള്ള അഞ്ച് പ്രതികളെയും പ്രത്യേകമായാണ് ചോദ്യം ചെയ്യുന്നത്. ദിലീപിനൊപ്പം അപ്പു, ബൈജു ചെങ്ങമനാട്, അനൂപ്, സുരാജ് എന്നിവരാണ് മറ്റുപ്രതികള്‍. ചോദ്യം ചെയ്യല്‍ നടപടി ക്രമങ്ങള്‍ പൂര്‍ണമായും അന്വേഷണ സംഘം റെക്കോര്‍ഡ് ചെയ്യും. അതേസമയം കേട്ടുകേള്‍വി പോലുമില്ലാത്ത നടപടിക്രമങ്ങളാണ് ദിലീപ് കേസില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ട്വന്റിഫോറിനോട് പ്രതികരിച്ചു. ഗൂഡാലോചന കേസില്‍ മൊഴി രേഖപ്പെടുത്താന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ബാലചന്ദ്രകുമാറിനും ക്രൈംബ്രാഞ്ച് നോട്ടിസ് അയച്ചിട്ടുണ്ട്.