കോട്ടയത്ത് കൊല്ലപ്പെട്ട പത്തൊമ്പത് വയസുകാരൻ ഷാൻ ബാബുവിന് (Shan Babu) ക്രൂര മർദ്ദനം നേരിട്ടെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്. ഷാന്റെ ദേഹത്ത് മർദ്ദനത്തിന്റെ 38 അടയാളങ്ങളുണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ടില്‍ പറയുന്നത്. കാപ്പി വടികൊണ്ട് 3 മണിക്കൂറോളം അടിച്ചുവെന്നാണ് പ്രതി ജോമോൻ്റെ മൊഴി. ഷാനെ വിവസ്ത്രനാക്കിയും മർദ്ദിച്ചു. മൂന്ന് മണിക്കൂറോളം മർദ്ദനം നടന്നു. കണ്ണിൽ വിരലുകൾകൊണ്ട്  ആഞ്ഞുകുത്തി. ഓട്ടോയിൽ വെച്ചും വിവിധ സ്ഥലങ്ങളിൽ വെച്ചും മർദിച്ചു. ജോമോന്റെ സുഹൃത്തായിരുന്ന ഷാൻ കൂറു മാറിയത് പകയ്ക്ക് കാരണമായതെന്നും പൊലീസ് പറയുന്നു. അതേസമയം, കേസിൽ ഇന്ന്  കൂടുതൽ അറസ്റ്റുണ്ടായേക്കും.

നിലവിൽ ജോമോനെ കൂടാതെ മറ്റൊരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾക്കും കൊലപാതകത്തിൽ നേരിട്ട്  ഏറ്റുമാനൂരിലെ ഹൈടെക് സെല്ലിലേക്ക് മാറ്റി. കൊല്ലപ്പെട്ട ഷാൻ ബാബുവിന്റെ സംസ്കാരം ഇന്ന് നടന്നേക്കും. ഇക്കാര്യത്തിൽ ബന്ധുക്കൾ അന്തിമ തീരുമാനമെടുത്തിട്ടില്ല.

ഇന്നലെ പുലർച്ചെയാണ് കോട്ടയത്തെ ഞെട്ടിച്ച അരുംകൊലയുണ്ടായത്. കുപ്രസിദ്ധ ഗുണ്ട ജോമോൻ ജോസാണ് ഷാൻ എന്ന പത്തൊമ്പത് വയസുകാരനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്ന ശേഷം മൃതദേഹം തലച്ചുമടായി പൊലീസ് സ്റ്റേഷന് മുന്നിൽ കൊണ്ടുപോയിട്ടത്. ജില്ലയിലെ തന്‍റെ തകർന്നുപോയ ഗുണ്ടാ സാമ്രാജ്യം വീണ്ടും  സ്ഥാപിക്കാനായിരുന്നു ജോമോന്‍റെ ക്രൂരകൃത്യം. സൂര്യൻ എന്ന ശരത് രാജിന്‍റെ ഗുണ്ടാസംഘവുമായി ഷാൻ സൂക്ഷിച്ച സൗഹൃദമാണ് ജോമോന്‍റെ പകയ്ക്ക് കാരണം. കൊലപാതക ശ്രമമുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജോമോനെ നേരത്തെ പൊലീസ് കാപ്പ നിയമം ചുമത്തി ജില്ല കടത്തിയിരുന്നു. എന്നാൽ കാപ്പ ബോർഡിൽ അപ്പീൽ നൽകി ഇളവ് വാങ്ങിയ ജോമോൻ കുറച്ച് നാൾ മുമ്പ് കോട്ടയത്ത് തിരിച്ചെത്തി. ഡിവൈഎസ്പിക്ക് മുന്പിൽ എല്ലാ ശനിയാഴ്ചയും ഒപ്പിടാമെന്ന വ്യവസ്ഥയിലായിരുന്നു ഇളവ്. കാപ്പ ചുമത്തി നാടുക്കടത്തപ്പെട്ടതോടെ കൈവിട്ടുപോയ ഗുണ്ടാ തലവൻ സ്ഥാനം തിരിച്ചുപിടിക്കാനാണ് കൗമാരക്കാരനെ തല്ലിക്കൊന്നതെന്നാണ് വിവരം.