രണ്ടു ലോകമഹായുദ്ധങ്ങളുടെ തിക്തഫലം ഏറെ അനുഭവിച്ച ഭൂഖണ്ഡമാണ് യൂറോപ്പ്. അതുകൊണ്ടു തന്നെ രണ്ടാം ലോക മഹായുദ്ധാനന്തര കാലഘട്ടത്തില്‍ താരതമ്യേന സമാധാനം നിലനിന്നു വരികയുമായിരുന്നു ഈ വന്‍കരയില്‍. എന്നാല്‍, കഴിഞ്ഞ ഏതാനും മാസങ്ങളിലായി യൂറോപ്പ് വീണ്ടും ഒരു ലോകമഹായുദ്ധത്തിന് ഒരുങ്ങുന്നു എന്ന പ്രതീതിയാണ് പൊതുവേ ഉണ്ടായിരിക്കുന്നത്. ഏതുസമയവും ഉണ്ടായേക്കാമെന്ന് ഭയപ്പെടുന്ന റഷ്യയുടെ ഉക്രെയ്റ്റിന്‍ ആക്രമണത്തെ ചെറുക്കുവാന്‍ അത്യാധുനിക ആയുധങ്ങളുമായി ബ്രിട്ടീഷ് സൈന്യത്തെ ഇന്നലെ അയച്ചതോടുകൂടി സംഘര്‍ഷം വീണ്ടും മൂര്‍ച്ഛിക്കുവാന്‍ തുടങ്ങി.

വ്‌ളാഡിമിര്‍ പുട്ടിനുള്ള വ്യക്തമായ മുന്നറിയിപ്പായിട്ട് രണ്ട് വ്യോമസേനാ ചര്‍ക്കു വിമാനങ്ങളിലാണ് മിസൈലുകള്‍ ഉള്‍പ്പടെയുള്ള അത്യാധുനിക ആയുധങ്ങള്‍ ഉക്രെയിനിലെക്ക് അയച്ചത്. ഇതോടൊപ്പം പോയ സൈനികര്‍ ഉക്രെയിനില്‍ തുടരും. മാത്രമല്ല, ഉക്രെയിന്‍ സൈനികര്‍ക്ക്, ഈ അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിക്കുന്നതില്‍ പരിശീലനവും നല്‍കും. റഷ്യന്‍ ടാങ്കുകളെ ആക്രമിക്കുന്നതിനുള്ള പരിശീലനമായിരിക്കും പ്രധാനമായും നല്‍കുക. റഷ്യ അതീവ പ്രകോപനം സൃഷ്ടിക്കുന്നതിനാലാണ് ഇത്തരത്തിലൊരു നടപടി കൈക്കൊള്ളേണ്ടി വന്നതെന്ന് പ്രതിരോധ സെക്രട്ടാറി ബെന്‍ വാലസ് അറിയിച്ചു.

ഉക്രെയിന്‍ അതിര്‍ത്തിയില്‍ ഏകദേശം 1 ലക്ഷത്തോളം സൈനികരേയാണ് റഷ്യ വിന്യസിച്ചിട്ടുള്ളത്. ഏത് സമയവും ഒരു ആക്രമണം ആരംഭിച്ചേക്കാം എന്ന ഭീതിയിലാണ് ഉക്രെയിന്‍. എന്നാല്‍, ഉക്രെയിന്‍ ആക്രമിക്കുന്ന കാര്യം ഇപ്പോള്‍ ചിന്തയില്‍ പോലുമില്ലെന്നാണ് ക്രെംലിന്‍ വ്യക്തമാക്കുന്നത്. തങ്ങളുടെ അതിര്‍ത്തി സുരക്ഷിതമാക്കുക മാത്രമാണ് ചെയ്യുന്നതെന്നും റഷ്യന്‍ വക്താവ് അറിയിച്ചു. യുദ്ധമുണ്ടാവുകയാണെങ്കില്‍, ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്തത്ര രക്തരൂക്ഷിതമായ ഒരു യുദ്ധമായിരിക്കും അതെന്ന് വ്‌ളാഡിമിര്‍ പുട്ടിന് മുന്നറിയിപ്പ് നല്‍കിക്കൊണ്ട്, ഉക്രെയിനുള്ള സഹായം വര്‍ദ്ധിപ്പിക്കുമെന്ന് വാലസ് എം പിമാരെ അറിയിച്ചു.

യൂറോപ്പിന്റെ സുരക്ഷയാണ് ഇപ്പോള്‍ അപകടത്തിലായിരിക്കുന്നതെന്നാണ് പല നിരീക്ഷകരും കരുതുന്നത്. കിഴക്കന്‍ യൂറോപ്പിന്റെ ഭൂപടം തിരുത്തി വരയ്ക്കുവാനാണ് പുട്ടിന്റെ ശ്രമം. ഉക്രെയിന്‍ ജോര്‍ജിയ തുടങ്ങിയ പഴയ സോവിയറ്റ് രാജ്യങ്ങള്‍ പാശ്ചാത്യ സഖ്യത്തിലേക്ക് തിരിയുന്നത് മേഖലയില്‍ ആധിപത്യമുറപ്പിക്കാനുള്ള റഷ്യയുടെ ശ്രമങ്ങള്‍ക്ക് വിഘാതമാകുന്നുണ്ട്. എന്നാല്‍, റഷ്യന്‍ അതിര്‍ത്തി വരെ തങ്ങളുടെ സ്വാധീനം ഉറപ്പിക്കേണ്ടത് യൂറോപ്യന്‍ യൂണീയന്റെയും ആവശ്യമാണ്. അതുകൊണ്ടുതന്നെയാണ് ഉക്രെയിനെയും ജോര്‍ജിയയേയും നാറ്റോസഖ്യത്തില്‍ അംഗമാക്കുന്നതും. അതേ കാരണം കൊണ്ടുതന്നെയാണ് റഷ്യ അതിനെ എതിര്‍ക്കുന്നതും,

റഷ്യ, ഉക്രെയിനെ ആക്രമിച്ചാല്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ഗുരുതരമായ ഉപരോധങ്ങള്‍ നേരിടേണ്ടി വരുമെന്ന് അമേരിക്കയുള്‍പ്പടെയുള്ള പാശ്ചാത്യ ശക്തികള്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉക്രെയിന്‍ നിലവില്‍ നാറ്റോ സഖ്യത്തിലെ അംഗമല്ലെങ്കിലും യൂറോപ്യന്‍ യൂണിയനുമായുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ സഖ്യകക്ഷികള്‍ ഉക്രെയിന്റെ രക്ഷയ്ക്കായി ഓടിയെത്തും.