ഉത്തര്‍പ്രദേശിലെ ജേവാറില്‍ നിര്‍മ്മിക്കുന്ന നോയിഡ രാജ്യാന്തര വിമാനത്താവളത്തിന്റെ ശിലാസ്ഥാപന ചടങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ലക്ഷ്മണ രേഖ’ ഭേദിച്ചുവെന്ന വിമര്‍ശനവുമായി മുന്‍ കേന്ദ്രമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ യശ്വന്ത് സിന്‍ഹ.

ശിലാസ്ഥാപന ചടങ്ങിനെ പ്രധാനമന്ത്രി രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിച്ചുവെന്നാണ് യശ്വന്ത് സിന്‍ഹയുടെ വിമര്‍ശനം.

രാഷ്ട്രീയക്കാര്‍ പക്ഷപാതപരമായ ലക്ഷ്യങ്ങള്‍ക്കായി ഔദ്യോഗിക ചെലവില്‍ സംഘടിപ്പിക്കുന്ന ചടങ്ങുകള്‍ ഉപയോഗിക്കരുത്. സര്‍ക്കാരിന്റെ ഖജനാവില്‍ നിന്നുള്ള പണം പാര്‍ട്ടി അജണ്ട പ്രോത്സാഹിപ്പിക്കുന്നതിനായി ദുരുപയോഗം ചെയ്യരുത്. സര്‍ക്കാരിനെയും ഭരണകക്ഷിയെയും വേര്‍തിരിക്കുന്ന ലക്ഷ്മണ രേഖയുണ്ട്. എന്നാല്‍ ഇന്ന് ആരെങ്കിലും ഈ വ്യത്യാസം ഓര്‍ക്കുന്നുണ്ടോ-വാര്‍ത്താ കുറിപ്പില്‍ സിന്‍ഹ ചോദിച്ചു.

വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് ചടങ്ങ് സംഘടിപ്പിച്ചത്. ജേവാറില്‍ വിമാനത്താവളം നിര്‍മ്മിക്കുന്നത് സംബന്ധിച്ച ചോദ്യം ഏറെ നാളായി തുടരുകയാണ്. പ്രധാനമന്ത്രി അധികാരത്തിലേറി ഏഴു വര്‍ഷത്തിലേറെയായി. എന്തുകൊണ്ടാണ് തറക്കല്ലിടല്‍ ചടങ്ങ് നേരത്തേ സംഘടിപ്പിക്കാതിരുന്നതെന്നും സിന്‍ഹ ചോദിക്കുന്നു.

പ്രധാനമന്ത്രിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും എത്രമാത്രം ജനപ്രീതിയുള്ളവരാണെന്ന് ജനങ്ങളെ കാണിക്കാന്‍ വന്‍ ജനക്കൂട്ടത്തെ അണിനിരത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗിച്ചു. ഔദ്യോഗിക സംവിധാനങ്ങളുടെ ഇത്തരം ദുരുപയോഗം ചോദ്യം ഉയര്‍ത്താനാകാത്തവിധം പതിവായി മാറിയിരിക്കുന്നു.

ഔദ്യോഗിക ചടങ്ങിന്റെ വേഷപ്പകര്‍ച്ചയിലുള്ള തിരഞ്ഞെടുപ്പ് റാലി ആയിരുന്നതിനാല്‍, എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തിയെന്നും സിന്‍ഹ ആരോപിച്ചു. നവംബര്‍ 25 നാണ് പ്രധാനമന്ത്രി വിമാനത്താളത്തിന്റെ ശിലാസ്ഥാപനം നടത്തിയത്.

യു. പി മുഖ്യമന്ത്രി തന്റെ എതിരാളികളെ അധിക്ഷേപിക്കുന്നു. ജിന്നയെക്കുറിച്ച്‌ താന്‍ എത്രത്തോളം സംസാരിക്കുന്നുവോ അത്രയും മെച്ചമാകുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. വര്‍ഗീയ വിദ്വേഷവും അക്രമവും പ്രചരിപ്പിക്കുന്നതിനെതിരെ നിയമമുണ്ട്. ‘അബ്ബാ ജാനെ’ കുറിച്ചും ജിന്നയെ കുറിച്ചും പറയുന്നതുപോലെ വ്യക്തമായ വര്‍ഗീയ പ്രസംഗങ്ങളിലൂടെ മുഖ്യമന്ത്രി ആദിത്യനാഥ് ഈ നിയമം സ്വതന്ത്രമായും ഇടക്കിടെയും ലംഘിക്കുകയാണ്.

ഭരണഘടനക്ക് കീഴിലുള്ള സാമുദായിക സമാധാനവും സൗഹാര്‍ദ്ദവും നിലനിര്‍ത്താനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്ന ആളുകളാണ് വര്‍ഗീയ വൈറസ് പടര്‍ത്തുന്നത്. യു. പി സംസ്ഥാന സര്‍ക്കാരാണ് ഇക്കാര്യത്തില്‍ ഏറ്റവും വലിയ കുറ്റക്കാരന്‍. അത് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പൂര്‍ണമായ അനുഗ്രഹത്തോടെയാണ് നടക്കുന്നത്. യു. പിയില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാലും വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നതിനാലുമാണ് ഇതെല്ലാം സംഭവിക്കുന്നത് – സിന്‍ഹ പറയുന്നു.