മലയാളത്തിലും തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ഭാഷാവ്യത്യാസമില്ലാതെയാണ് താരത്തിന് ആരാധകരുള്ളത്.

എല്ലാവരുമായി വളരെ അടുത്ത സൗഹൃദമാണ് ഡിക്യൂവിനുളളത്. മലയാളത്തില്‍ തന്നെ നിവിന്‍ പോളി, ഉണ്ണി മുകുന്ദന്‍, ഗ്രിഗറി, പൃഥ്വിരാജ്, ഫഹദ് ഫാസില്‍ എന്നിങ്ങനെ എല്ലാവരുമായി വളരെ അടുത്ത സൗഹൃദമാണുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ ഇത് പങ്കുവെയ്ക്കാറുമുണ്ട്. ആരധകരുമായും വളരെ അടുത്ത ബന്ധമാണ് ദുല്‍ഖറിനുള്ളത്.

എന്നാല്‍ ഇപ്പോള്‍ തന്റെ ഏറ്റവും അടുത്ത സുഹൃത്തിനെ കുറിച്ച്‌ വെളിപ്പെടുത്തുകയാണ് ദുല്‍ഖര്‍. തന്റെ ഏറ്റവും പുതിയ ചിത്രമായ കുറുപ്പിന്റെ റിലീസിന് ശേഷം നല്‍കിയ അഭിമുഖത്തിലാണ് തന്റെ ഏറ്റവും അടുത്ത സുഹൃത്തിനെ കുറിച്ച്‌ ദുല്‍ഖര്‍ വെളിപ്പെടുത്തുന്നത്. നടന്‍ സണ്ണി വെയിനാണ് ദുല്‍ഖറിന്റെ ഏറ്റവും ഏടുത്ത സുഹൃത്ത്. ശ്രീനാഥ് രാജേന്ദ്രന്റെ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും സിനിമയില്‍ എത്തുന്നത്. ചിത്രത്തിന്റെ വര്‍ക്ക് ഷോപ്പ് മുതല്‍ തന്റെ കൂടെ കൂടിയതാണ് അത് ഇതുവരെ വിട്ടു പോയിട്ടില്ല എന്നാണ് ദുല്‍ഖറും പറയുന്നത്.

നടന്റെ വാക്കുകള്‍ ഇങ്ങനെ… ‘സെക്കന്റ് ഷോയുടെ വര്‍ക്ക് ഷോപ്പ് മുതല്‍ തുടങ്ങിയതാണ്. ഇപ്പോഴും എന്നെ വിട്ട് പോയിട്ടില്ല. എന്റെ ഏത് ലൊക്കേഷനിലും എങ്ങനെയെങ്കിലും കറങ്ങിത്തിരിഞ്ഞ് സണ്ണി എത്തും. ഇടയ്ക്ക് ഞാന്‍ സ്വപ്‌നം കണ്ടു. വല്ലാതെ മിസ്സ് ചെയ്തപ്പോള്‍ വിളിച്ചു. ഞാന്‍ വരുന്നുണ്ട് എന്ന് പറയും. അത് വരും. എപ്പോള്‍ വരും എപ്പോള്‍ പോകും എന്നൊന്നും പറയാന്‍ കഴിയില്ല. ചോദിച്ചാല്‍ പറയും പോയി എന്ന്. പക്ഷെ അതൊരു വിശ്വാസമാണ്.. എപ്പോഴും കൂടെയുണ്ടാവും. എന്തിനും സപ്പോര്‍ട്ട് ഉണ്ടാവും. ചില സിനിമകള്‍ ചെയ്യുമ്ബോള്‍ വിളിക്കും വലിയ പടമാണ്, നീ വന്ന് അനുഗ്രഹിക്കണം എന്നൊക്കെ പറയും” ദുല്‍ഖര്‍ പറഞ്ഞു.

സെക്കന്റ് ഷോയ്ക്ക് ശേഷം നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിലും സണ്ണി വെയിനും ദുല്‍ഖര്‍ സല്‍മാനും ഒന്നിച്ച്‌ അഭിനയിച്ചിരുന്നു. കുറുപ്പിലും ദുല്‍ഖറിനോടൊപ്പം സണ്ണിവെയിന്‍ എത്തുന്നുണ്ട്. തീയേറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായി മുന്നേറുകയാണ് കുറുപ്പ്. കേരളം കണ്ട എക്കാലത്തെയും പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിത കഥയാണ് സിനിമ പറയുന്നത്. കുറുപ്പിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത. ഇപ്പോഴിത സിനിമ പുതിയ റെക്കോര്‍ഡും സ്വന്തമാക്കിയിരിക്കുകയാണ്.

റിലീസ് ചെയ്ത് വളരെ കുറച്ച്‌ സമയം കൊണ്ടു തന്നെ കുറുപ്പ് 50 കോടി ക്ലബ്ബില്‍ പ്രവേശിച്ചിരുന്നു. ഇപ്പോഴിത 75 കോടി ക്ലബ്ബിലും ഇടം പിടിച്ചിരിക്കുകയാണ് . ഇതിന്റെ സന്തോഷം ദുല്‍ഖര്‍ ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. പാന്‍ ഇന്ത്യന്‍ സിനിമയായി തീയേറ്ററുകളില്‍ എത്തിയ കുറുപ്പ് അഞ്ചു ഭാഷകളിലാണ് പ്രേക്ഷകരിലേക്കെത്തിച്ചിരുന്നത്. കൊവിഡ് പ്രതിസന്ധികളെ തുടര്‍ന്ന് പൂട്ടിയ തീയേറ്ററുകള്‍ക്ക് പുതിയ ജീവന്‍ പകര്‍ന്നു കൊണ്ടാണ് ദുല്‍ഖര്‍ ചിത്രം കുറുപ്പ് എത്തിയത്. കുറുപ്പിന് സിനിമാസ്വാദകരില്‍ വലിയ ആവേശവും ആകാംക്ഷയും നിറയ്ക്കാന്‍ സാധിച്ചിരുന്നു.

നവംബര്‍ 12നായിരുന്നു കുറുപ്പിന്റെ റിലീസ്. ആഗോള തലത്തില്‍ 1500ലേറെ തിയറ്ററുകളിലാണ് കുറുപ്പ് എത്തിയത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ പതിപ്പുകളിലാണ് ചിത്രം എത്തിയിരുന്നു. കേരളത്തില്‍ മാത്രം 500 തിയറ്ററുകള്‍ക്ക് മുകളില്‍ റിലീസ് നടന്നിരുന്നു. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രം ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസും എംസ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നായിരുന്നു നിര്‍മ്മിച്ചിരിക്കുന്നത്.