കൊച്ചിയിൽ മോഡലുകളുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളുള്ള ഡിവിആർ കണ്ടെത്താനുള്ള തെരച്ചിൽ അവസാനിപ്പിച്ചു. മൂന്ന് ദിവസം തെരച്ചിൽ നടത്തിയിട്ടും ഹാർഡ് ഡിസ്‌ക് കണ്ടെത്താനായില്ല. കായലിൽ ചെളിയടിഞ്ഞു കിടക്കുന്നത് വലിയ പ്രതിസന്ധിയായി. ഇതേ തുടർന്നാണ് തെരച്ചിൽ അവസാനിപ്പിച്ചത്.

അതിനിടെ, മോഡലുകളുടെ മരണത്തിൽ ജില്ല എക്‌സൈസ് മേധാവി ഇന്ന് എക്‌സൈസ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകി നമ്പർ 18 ഹോട്ടലിന്റെ ബാർ ലൈസൻസ് റദ്ദ് ചെയ്യണമെന്ന പരാതിയിലാണ് നടപടി. ഒക്ടോബർ 31 ന് സമയം ലംഘിച്ച് ഹോട്ടലിൽ മദ്യം വിളമ്പി എന്ന് എക്‌സൈസ് പറയുന്നു. 23-ാം തിയതി സമയംലംഘിച്ച് മദ്യം വിളമ്പിയത്തിന് ഹോട്ടലിനെതിരെ കേസ് എടിത്തിരുന്നു. ഈ കുറ്റം വീണ്ടും ആവർത്തിച്ചെന്നും എക്‌സൈസ് റിപ്പോർട്ടിൽ പറയുന്നു.

നവംബർ ഒന്നിനാണ് എറണാകുളത്ത് നടന്ന വാഹനാപകടത്തിൽ മിസ് കേരള 2019 അൻസി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും മരിച്ചത്. രാത്രി ഒരു മണിയോടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ രാത്രി എറണാകുളം ബൈപ്പാസ് റോഡിൽ ഹോളിഡേ ഇൻ ഹോട്ടലിനു മുന്നിൽ വച്ച് അപകടത്തിൽ പെടുകയായിരുന്നു. ഒരു ബൈക്കിൽ ഇടിക്കാതിരിക്കാൻ കാർ വെട്ടിത്തിരിക്കെയായിരുന്നു അപകടമെന്നാണ് അന്നത്തെ റിപ്പോർട്ട്.