മുൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിനെതിരെ വീണ്ടും വധഭീഷണി. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന രണ്ടാമത്തെ ഇ-മെയിൽ ബുധനാഴ്ച ഗംഭീറിന് ലഭിച്ചു. isiskashmir@gmail.com എന്ന വിലാസത്തിൽ നിന്നാണ് ഇത്തവണയും ഭീഷണി സന്ദേശമെത്തിയിരിക്കുന്നത്. ആദ്യ വധഭീഷണി ലഭിച്ചതോടെ വസതിയിൽ കർശന സുരക്ഷ ഏർപ്പെടുത്തിയതിന് പിന്നാലെയാണ് രണ്ടാമത്തെ ഭീഷണി സന്ദേശം എത്തിയിരിക്കുന്നത്.

‘നിങ്ങളെ കൊല്ലാനാണ് ഞങ്ങൾ ഉദ്ദേശിച്ചത്. പക്ഷേ ഇന്നലെ നിങ്ങൾ അതിജീവിച്ചു’ എന്ന് സന്ദേശത്തിൽ പറയുന്നു. കൂടാതെ ഗംഭീറിന്റെ ഡൽഹിയിലുള്ള വസതിയുടെ മുൻവശത്തെ ദൃശ്യങ്ങളും മെയിലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ആദ്യ വധഭീഷണി സന്ദേശം ലഭിച്ചപ്പോൾ തന്നെ ഗൗതം ഗംഭീർ പോലീസിൽ വിവരം അറിയിച്ചിരുന്നു. നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും കൊലപ്പെടുത്തുമെന്നായിരുന്നു സന്ദേശം. ഐ.എസ്.ഐ.എസ് കശ്മീർ എന്ന വിലാസത്തിൽ നിന്ന് തന്നെയായിരുന്നു ആദ്യ വധഭീഷണിയും. ചൊവ്വാഴ്ച രാത്രി 9.32ഓടെയാണ് ഇത് ലഭിച്ചത്. തുടർന്ന് ഗംഭീറിന്റെ വസതിയിൽ കർശന സുരക്ഷയാണ് പോലീസ് ഏർപ്പെടുത്തിയത്.