കള്ളൻ മൊബൈൽ ഫോൺ തട്ടിപ്പറിക്കാൻ ശ്രമിക്കുന്നതിനിടെ ടോളിവുഡ് നടി ശാലു ചൗരസ്യയ്‌ക്ക് പരിക്ക്. ഹൈദരാബാദിലെ കെബിആർ പാർക്കിന് സമീപമാണ് സംഭവം. അക്രമത്തിൽ നടിയുടെ തലയ്‌ക്കും കണ്ണിനും പരിക്കേറ്റതായി ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

നടിയുടെ പക്കലുള്ള പണവും മറ്റ് വിലപിടിപ്പുള്ള ആഭരണങ്ങളും കൈമാറാൻ കള്ളൻ ആവശ്യപ്പെട്ടു. ഇതിനെ എതിർത്ത ശാലുവിനെ അജ്ഞാതൻ ആക്രമിക്കുകയായിരുന്നു. നടിയുടെ മുഖത്ത് ഇടിച്ച ശേഷം കല്ലുപയോഗിച്ച് കള്ളൻ ശാലുവിനെ ആക്രമിച്ചു പിന്നീട് ഇവരുടെ ഫോൺ കള്ളൻ അപഹരിച്ചുവെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം.

ആക്രമണത്തിൽ നടിയുടെ തലയ്‌ക്കും, കണ്ണിനും പരിക്കുകൾ പറ്റിയിട്ടുണ്ട്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ശാലുവിന്റെ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.

അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്തെ സിസിടിവി ക്യാമറകൾ പോലീസ് പരിശോധിച്ചു വരികയാണ്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ആക്രമണത്തിന് ദൃക്‌സാക്ഷികൾ ഉണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.