വിക്ടോറിയ : കനേഡിയന്‍ തീരത്ത് രാസവസ്തുക്കളുമായി പോകുകയായിരുന്ന കാര്‍ഗോ ഷിപ്പിന് തീ പിടിച്ച്‌ വിഷവാതകം പടരുന്നു. ബ്രിട്ടീഷ് കൊളംബിയ തീരത്ത് ശനിയാഴ്ചയാണ് സംഭവം. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. യു.എസ് തീരസേനയുമായി സഹകരിച്ച്‌ സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിക്കുകയാണെന്ന് കനേഡിയന്‍ തീരസേന അറിയിച്ചു. വാതക ചോര്‍ച്ച ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നാണ് റിപ്പോര്‍ട്ട്.

എം.വി സിം കിംഗ്സ്റ്റണ്‍ എന്ന കപ്പലിനാണ് തീ പിടിച്ചത്. കപ്പലിലുണ്ടായിരുന്ന 16 ജീവനക്കാരേയും രക്ഷപ്പെടുത്തിയെന്ന് കനേഡിയന്‍ തീരസേന അറിയിച്ചു. കപ്പലിലെ 10 കണ്ടൈനറുകള്‍ക്കാണ് തീ പിടിച്ചത്. എന്നാല്‍ ഹാനികാരകമായ മാരക രാസവസ്തുക്കള്‍ അടങ്ങിയ 40 ഓളം കണ്ടൈനറുകള്‍ കടലിലേക്ക് വീണതായാണ് സൂചന. ഇവയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. നിലവില്‍ തീരദേശനിവാസികള്‍ക്ക് ഭീഷണിയൊന്നുമില്ലെന്നും എന്നാല്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ച്‌ വരികയാണെന്നും നാവികസേന അധികൃര്‍ അറിയിച്ചു.