പാലക്കാട്: പാലക്കാട് പുതുപ്പള്ളിത്തെരുവിലെ ഫ്‌ളാറ്റില്‍ തീപിടിത്തം. രാത്രി നാട്ടുകാരുടെ സമയോചിതമായ ഇടപെടലില്‍ വന്‍ ദുരന്തമാണ് ഒഴിവായത്. കഴിഞ്ഞ ദിവസം രാത്രി 9.45നാണ് മൂന്ന് നിലകളുള്ള പുതുപ്പള്ളി തുരുത്തിലെ പൂളക്കാടുള്ള ഫ്‌ളാറ്റിലാണ് തീപിടിത്തമുണ്ടായത്. വൈദ്യുതി (Electricity) ലൈനിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഫ്‌ളാറ്റില്‍ തീപടര്‍ന്നതോടെ പുക ഉയരുന്നതുകണ്ട് ആളുകള്‍ ഇറങ്ങിയോടുകയായിരുന്നു. പുക ഉയരാന്‍ തുടങ്ങിയത് കണ്ട ഉടനെ തന്നെ നാട്ടുകാര്‍ പ്രദേശത്തെ കൗണ്‍സിലറെ വിവരമറിയിക്കുകയും സ്ഥലത്തെത്തിയ കൗണ്‍സിലറും വെല്‍ഫെയര്‍ സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് ഫ്‌ളാറ്റിലുണ്ടായിരുന്ന ബാക്കി ഉള്ളവരെയും ഒഴിപ്പിക്കുകയും ചെയ്തു. കെഎസ്‌ഇബി അധികൃതര്‍ക്ക് വിവരം നല്‍കിയതോടെ പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധം വിഛേദിക്കപ്പെടുകയും ചെയ്തു. തുടര്‍ന്ന് അഗ്‌നിബാധയുണ്ടായ ഭാഗത്തെ തീയണച്ചു.

തീപടര്‍ന്ന ഭാഗത്തെ വൈദ്യുത ഉപകരണങ്ങളും വീട്ടുപകരണങ്ങളും കത്തി നശിച്ചിരുന്നു. കെഎസ്‌ഇബി ഉദ്യോഗസ്ഥലരെത്തി പരിശോധന നടത്തിയ ശേഷമാണ് താമസക്കാരെ ഫ്‌ളാറ്റിലേക്ക് തിരിച്ചെത്തിച്ചത്. ആറ് കുടുംബങ്ങളാണ് അഗ്നി ബാധയുണ്ടായ ഫ്‌ളാറ്റില്‍ താമസിക്കുന്നത്