വരുന്ന സീസണിലെ പുതിയ രണ്ട് ഐപിഎൽ ടീമുകൾ അദാനി ഗ്രൂപ്പും ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകളായ ഗ്ലേസർ ഫാമിലിയും സ്വന്തമാക്കിയെന്ന് റിപ്പോർട്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ വന്നിട്ടില്ലെങ്കിലും വിവിധ ദേശീയ മാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബിസിസിഐ ഉടൻ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും.

22 ഗ്രൂപ്പുകളാണ് പുതിയ ടീമുകൾക്കായി രംഗത്തുണ്ടായിരുന്നത്. അദാനിക്കും ഗ്ലേസർ ഫാമിലിക്കുമൊപ്പം ആർപിഎസ്ജി ഗ്രൂപ്പ്, ജിൻഡാൽ സ്റ്റീൽ, ഹിന്ദുസ്താൻ ടൈംസ് മീഡിയ, ഓറോബിനോ ഫാർമ തുടങ്ങിയവർ ബിഡ് സമർപ്പിച്ചു. ടോറൻ്റ് ഫാർമ, റിതി സ്പോർട്സ് എന്നിവർ ബിഡ് സമർപ്പിക്കുന്നതിൽ നിന്ന് പിന്മാറി. ലക്നൗ, അഹ്മദാബാദ് എന്നീ രണ്ട് നഗരങ്ങളിൽ നിന്നാവും പുതിയ ടീമുകളെന്നാണ് സൂചന.

അതേസമയം, ഉടൻ നടക്കാനിരിക്കുന്ന ഐപിഎൽ മെഗാ ലേലത്തിനു മുന്നോടിയായി ടീമുകൾക്ക് നിലനിർത്താവുന്നത് നാല് താരങ്ങളെയെന്ന് റിപ്പോർട്ട് വന്നിരുന്നു. പരമാവധി 3 ഇന്ത്യൻ താരങ്ങളെയും രണ്ട് വിദേശികളെയുമാണ് നിലനിർത്താൻ അനുവാദമുള്ളത്. രാജ്യാന്തര മത്സരം കളിച്ചിട്ടില്ലാത്ത താരങ്ങളിൽ പരമാവധി രണ്ട് പേരെ നിലനിർത്താനാണ് അനുമതിയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ക്രിക്ക്‌ബസ് ആണ് വാർത്ത പുറത്തുവിട്ടത്.

90 കോടി രൂപയാണ് മെഗാ ലേലത്തിൽ ഒരു ഫ്രാഞ്ചൈസിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക. അടുത്ത രണ്ട് വർഷത്തിൽ 5 കോടി രൂപ വീതം വർധിപ്പിച്ച് ഈ തുക 100 കോടിയാക്കും. 4 താരങ്ങളെ നിലനിർത്തുന്ന ഫ്രാഞ്ചൈസികൾക്ക് ആകെ തുകയുടെ 40-45 ശതമാനം (35-40 കോടി രൂപ) കുറവ് തുകയേ ലേലത്തിൽ ഉപയോഗിക്കാനാവൂ. ആർടിഎം ഉണ്ടാവില്ല. പുതിയ രണ്ട് ടീമുകൾക്ക് ലേലത്തിനു പുറത്ത് 2-3 താരങ്ങളെ സൈൻ ചെയ്യാം. മികച്ച ഇന്ത്യൻ താരങ്ങൾ ലഭ്യമല്ലെങ്കിൽ പരമാവധി രണ്ട് വിദേശ താരങ്ങളെയും ലേലത്തിൽ അല്ലാതെ പുതിയ ഫ്രാഞ്ചൈസികൾക്ക് സൈൻ ചെയ്യാം. അല്പ സമയത്തിനുള്ളിൽ ബിസിസിഐ പുതിയ ടീമുകളെ പ്രഖ്യാപിക്കുമ്പോൾ ഇക്കാര്യത്തിലും വ്യക്തത വന്നേക്കും. 3 മണിക്കാണ് പുതിയ ടീമുകളെ പ്രഖ്യാപിക്കാൻ തീരുമാനിച്ചിരുന്നത്.