ഇരു രാജ്യങ്ങളുമായുള്ള പ്രതിരോധ ബന്ധം ഊട്ടിയുറപ്പിക്കാന്‍ ലക്ഷ്യമിട്ട് ബ്രിട്ടീഷ് റോയല്‍ നേവി മേധാവി അഡ്മിറല്‍ സര്‍ ടോണി റാഡാകിന്റെ ഇന്ത്യാ സന്ദര്‍ശനം പുരോഗമിക്കുന്നു. ഇന്ത്യന്‍ നാവികസേനാ മേധാവി അഡ്മിറല്‍ കരംബീര്‍ സിംഗുമായി അദേഹം ചര്‍ച്ച നടത്തി. മേഖലയിലെ സമാധാനവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനുള്ള പരസ്പര സഹകരണങ്ങളെ കുറിച്ച്‌ ഇരുവരും ചര്‍ച്ചചെയ്തു.

മൂന്നുദിവസത്തേയ്ക്കാണ് സന്ദര്‍ശനം. ഇന്ത്യന്‍ നാവികസേനയുടെ പടിഞ്ഞാറന്‍ നാവിക കമാന്‍ഡ് (മുംബൈയില്‍) അഡ്മിറല്‍ സര്‍ ടോണി റാഡാകിന്‍ സന്ദര്‍ശിക്കും. വെസ്‌റ്റേണ്‍ നേവല്‍ കമാന്‍ഡ് ഫ്‌ലാഗ് ഓഫീസര്‍ കമാന്‍ഡ്‌ഇന്‍ചീഫ് വൈസ് അഡ്മിറല്‍ ഹരി കുമാറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും.

സമുദ്ര അഭ്യാസങ്ങള്‍ , പരിശീലന കൈമാറ്റങ്ങള്‍, വൈറ്റ് ഷിപ്പിംഗ് വിവരങ്ങളുടെ കൈമാറ്റം, വിവിധ മേഖലകളിലെ വിഷയവിദഗ്ദ്ധരുടെ സേവനം തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങളില്‍ ഇരു നാവിക സേനയും സഹകരണം തുടരുകയാണ്. ഇരു നാവികസേനയില്‍ നിന്നുമുള്ള യുദ്ധക്കപ്പലുകലും പരസപരം തുറമുഖസന്ദര്‍ശനം നടത്താറുണ്ട്.