സിപിഎം നേതാക്കളായ തന്റെ മതാപിതാക്കള്‍ കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തില്‍ പ്രത്യക്ഷ സമരത്തിന് കുഞ്ഞിന്റെ മാതാവ് അനുപമ. നാളെ മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരമിരിക്കും. കുഞ്ഞിനെ തിരികെ കിട്ടുംവരെ സമരം ചെയ്യുമെന്നും ചാനല്‍ചര്‍ച്ചയ്ക്കിടെ അനുപമ വ്യക്തമാക്കി.

വിഷയത്തില്‍ പാര്‍ട്ടി ഇടപ്പെട്ട് പ്രശ്‌നം പരിഹരിക്കാനാകില്ലെന്നും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പ്രതികരിച്ചു. ഇത്തരം പരാതി വന്നതിന് പിന്നാലെ തന്നെ പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് വിഷയം ചര്‍ച്ച ചെയ്തു. അമ്മയ്ക്ക് കുഞ്ഞിനെ കിട്ടണമെന്നാണ് പാര്‍ട്ടിയുടെ നിലപാട്. അനുപമയുടെ അച്ഛനെ വിളിച്ച്‌ സംസാരിച്ചിരുന്നു. അജിത്തിന്റെ അച്ഛനോടും വിഷയം സംസാരിച്ചിരുന്നു.

എന്നാല്‍ അനുപമയുടെ പേരില്‍ ആദ്യ ഭാര്യയെ ഉപേക്ഷിച്ച അജിത്തിന്റെ നടപടി അംഗീകരിക്കാനാകില്ല. അതിനാല്‍ മകനെ വിലക്കണമെന്ന് അജിത്തിന്റെ അച്ഛനോട് പറഞ്ഞതായും ആനാവൂര്‍ നാഗപ്പന്‍ വ്യക്തമാക്കി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പോലീസ് മുന്നോട്ട് പോകണം. കുഞ്ഞിനെ കൊടുക്കണോ വേണ്ടയോ എന്നത് തീരുമാനിക്കേണ്ടത് കോടതിയാണ്. പോലീസിനോട് ഇന്നത് ചെയ്യണമെന്നോ ചെയ്യേണ്ടന്നോ പറയാന്‍ ഞങ്ങളാരും പോയിട്ടില്ല. അനുപമയുമായി ഫോണില്‍ സംസാരിച്ചിരുന്നു. പാര്‍ട്ടി ഇടപ്പെട്ട് പരിഹരിക്കേണ്ട പ്രശ്‌നമല്ല ഇത്. പാര്‍ട്ടി ഇടപ്പെട്ട് കുഞ്ഞിനെ വാങ്ങിച്ച്‌ കൊടുക്കുക എന്നത് സാധ്യമേ അല്ല. ്‌അതിനാല്‍ കേസില്‍ നിയമപരമായി നീങ്ങുന്നതാണ് തല്ലതെന്നാണ് തീരുമാനം.

അതേസമയം തന്റെ അനുമതിയോട് കൂടിയല്ലേ കുഞ്ഞിനെ കൊടുക്കുന്നത് പിന്നെ എന്തിനാണ് അന്വേഷിച്ചുവരുന്നതെന്നാണ് ആനാവൂര്‍ നാഗപ്പന്‍ ഇതുമായി ബന്ധപ്പെട്ട് തന്നോട് പ്രതികരിച്ചതെന്നാണ് അനുപമ അറിയിച്ചു. അനുപമയ്ക്കും അജിത്തിനും കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19നാണ് ആണ്‍ കുഞ്ഞ് ജനിച്ചത്. പ്രസവിച്ചു മൂന്നാം ദിവസം മാതാപിതാക്കള്‍ തന്നില്‍ നിന്ന് വേര്‍പ്പെടുത്തി കുഞ്ഞിനെ ശിശുക്ഷേമ സമിതിക്കു കൈമാറിയെന്നാണ് എസ്‌എഫ്‌ഐ മുന്‍ നേതാവായ അനുപമയുടെ പരാതി. അനുപമയുടെ അച്ഛനും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ പി.എസ്.ജയചന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് പരാതിയുള്ളത്. ഗര്‍ഭിണിയായിരിക്കുമ്ബോള്‍ തന്റെ കുഞ്ഞിനെ നശിപ്പിക്കാന്‍ രക്ഷാകര്‍ത്താക്കള്‍ ശ്രമിച്ചിരുന്നതായും അനുപമ ആരോപിച്ചിട്ടുണ്ട്.

അജിത്തും അനുമപയും സ്‌നേഹത്തിലായിരുന്നു. വിവാഹിതരാവാതെ ഗര്‍ഭം ധരിച്ചതിന്റെ പേരില്‍ പ്രസവിച്ച്‌ മൂന്നുദിവസം കഴിഞ്ഞയുടനെ കുഞ്ഞിനെ അച്ഛനും, അമ്മയും സഹോദരിയും ചേര്‍ന്ന് നിര്‍ബന്ധപൂര്‍വം മാറ്റിയെന്നായിരുന്നു അനുപമ നല്‍കിയ പരാതി. പേരൂര്‍ക്കട പോലീസ് മുതല്‍ മുഖ്യമന്ത്രിക്കും സിപിഎം. നേതാക്കള്‍ക്കും വരെ പരാതി നല്‍കിയിരുന്നു. ഭാര്യയും കുട്ടിയുമായി കഴിഞ്ഞിരുന്ന അജിത്ത്, അനുപമയ്ക്ക് കുട്ടിയുണ്ടായശേഷം ആദ്യ ഭാര്യയില്‍നിന്നു വിവാഹമോചനം നേടിയശേഷം ഇവരെ വിവാഹം ചെയ്യുകയായിരുന്നു.