പട്ടിണിയും പോഷകാഹാരക്കുറവും നേരിടാൻ രാജ്യത്തുടനീളം കമ്മ്യൂണിറ്റി കിച്ചണുകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതി രൂപീകരിക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകണമെന്ന ഹർജി സുപ്രീം കോടതി അടിയന്തരമായി പരിഗണിക്കും. ഒക്ടോബർ 27 നാണ് ഹർജി പരിഗണിക്കുക.

കമ്മ്യൂണിറ്റി കിച്ചണുകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതി രൂപീകരിക്കാൻ ആവശ്യപ്പെട്ട പൊതുതാൽപര്യ ഹർജിയിൽ സത്യവാങ്മൂലം സമർപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പാലിക്കാത്തതിന് കഴിഞ്ഞ വർഷം ഫെബ്രുവരി 17 ന് സുപ്രീം കോടതി ആറ് സംസ്ഥാനങ്ങൾക്ക് 5 ലക്ഷം രൂപ വീതം പിഴ ചുമത്തിയിരുന്നു. മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, ഒഡീഷ, ഗോവ, ഡൽഹി എന്നീ സംസ്ഥാനങ്ങൾക്കാണ് പിഴ ശിക്ഷ ലഭിച്ചത്.

അഞ്ച് വയസ്സിന് താഴെയുള്ള 69 ശതമാനം കുട്ടികളും പോഷകാഹാരക്കുറവ് മൂലം ജീവൻ നഷ്ടപ്പെട്ടുവെന്നും കമ്മ്യൂണിറ്റി അടുക്കളകൾ സ്ഥാപിക്കാൻ സംസ്ഥാനങ്ങൾ നടപടികൾ സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ഹർജിക്കാർ പറഞ്ഞു. നേരത്തെ പട്ടിണി നേരിടാൻ രാജ്യത്തിന് ഇത്തരത്തിലുള്ള ഒരു സംവിധാനം ആവശ്യമാണെന്ന് പറഞ്ഞുകൊണ്ട് സുപ്രീം കോടതി 2019 ഒക്ടോബർ 18 ന് കമ്മ്യൂണിറ്റി കിച്ചനുകൾ സ്ഥാപിക്കുന്നതിനെ അനുകൂലിച്ചിരുന്നു.