നയതന്ത്ര ബാഗേജ് വഴിയുള്ള തിരുവന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിച്ചു. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയിലാണ് മൂവായിരം പേജുകളുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. പി എസ് സരിത്താണ് കേസിലെ ഒന്നാംപ്രതി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഇരുപത്തി ഒന്‍പതാം പ്രതിയാണ്.

2019 ജൂലൈയില്‍ ആരംഭിച്ച അന്വേഷണത്തിലാണ് ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ജൂലൈ അഞ്ചിനാണ് യുഎഇ കോണ്‍സുലേറ്റ് വഴി കടത്തിക്കൊണ്ടുവന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസെടുത്തിരുന്നു.

21 തവണകളിലായി 169 കിലോ സ്വര്‍ണമാണ് തിരുവനന്തപുരം വിമാനത്താവളം വഴി പ്രതികള്‍ കടത്തിയത്. സ്വര്‍ണം കടത്തുന്നത് സംബന്ധിച്ച് രണ്ട് തവണ പ്രതികള്‍ ട്രയലും നടത്തിയിരുന്നു. കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്‌ന സുരേഷിനെതിരെ ചുമത്തിയ കോഫേപോസ കഴിഞ്ഞയാഴ്ച ഹൈക്കോടതി റദ്ദുചെയ്തിരുന്നു.