എന്തെല്ലാം കൗതുകങ്ങളാണല്ലേ ഈ ലോകത്ത് ഉള്ളത്. ചിലത് പ്രകൃതിദത്തവും ചിലത് മനുഷ്യ നിർമ്മിതവുമാണ്. സഞ്ചാരികളെ ആകർഷിക്കാൻ വേണ്ടിയും നാടിന്റെ സൗന്ദര്യത്തിന് വേണ്ടിയും അങ്ങനെ നിരവധി കൗതുക വസ്തുക്കൾ നിർമ്മിച്ചുവെച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും ഉയരം കൂടിയ മണൽക്കൊട്ടാരം ഉണ്ടാക്കിയിരിക്കുകയാണ് ഡെന്മാർക്ക്. സഞ്ചാരികളെ ആകർഷിക്കാനും വിനോദ സഞ്ചാരമേഖലയ്ക്ക് ഉണർവേകാനുമായിട്ടാണ് ഇങ്ങനെയൊരു മണൽക്കൂടാരം നിർമ്മിച്ചിരിക്കുന്നത്. ഡെന്മാർക്കിലെ ബ്ലോഖസിലാണ് നാട്ടുകാരെയും സഞ്ചാരികളെയും ആകർഷിക്കുന്ന തരത്തിലുള്ള മണൽക്കൊട്ടാരം പണിതിരിക്കുന്നത്. ബ്ലോഖസി എന്നത് ഒരു കടലോര പട്ടണ പ്രദേശമാണ്.

21.16 മീറ്റർ ഉയരമുള്ള ഈ മണൽക്കൊട്ടാരത്തിന് 5000 ടൺ ഭാരമുണ്ട്. കണക്കുകൾ പ്രകാരം ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ മണൽക്കൂടാരം എന്ന ഗിന്നസ് റെക്കോർഡാണ് ഡെന്മാർക്കിലെ ഈ മണൽക്കൂടാരം സ്വന്തമാക്കിയിരിക്കുന്നത്. ഈ പടുകൂറ്റൻ മണൽക്കൂടാരം തേടി നിരവധി സഞ്ചാരികളും ഇങ്ങോട്ടേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 4860 ടണ്‍ മണലുപയോഗിച്ചാണ് അത് പണികഴിപ്പിച്ചത്. വില്‍ഫ്രെഡ് സ്റ്റൈഗർ എന്ന ഡച്ചുകാരനാണ് ഇങ്ങനെയൊരു ശിൽപ്പത്തിന് പിന്നിൽ പ്രവർത്തിച്ചത്. അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കാൻ ലോകത്തിലെ തന്നെ പ്രസിദ്ധരായ മണൽ ശില്പികളും ഉണ്ടായിരുന്നു.

ഇതുവരെ ഈ റെക്കോർഡ് സ്വന്തമാക്കിയിരുന്നത് ജർമനിയായിരുന്നു. ഇതാണിപ്പോൾ ഡെന്മാർക്ക് സ്വന്തമാക്കിയിരിക്കുന്നത്. 2019 ലാണ് ജർമനി ഇങ്ങനെയൊരു മണൽകൊട്ടാരം നിർമ്മിച്ചത്. ഡെന്മാർക്കിലെ ഇപ്പോഴത്തെ മണൽക്കൊട്ടാരത്തിനേക്കാളും മൂന്ന് മീറ്റർ കുറവായിരുന്നു അതിന്. ഡെന്മാർക്കിലെ ഇങ്ങനെയൊരു മണൽ കൊട്ടാരം പണിയാൻ പ്രചോദനമായത് കൊവിഡ് കാലഘട്ടമാണ്. അതുകൊണ്ട് തന്നെ കൊറോണ വൈറസ് പ്രേമേയമാക്കിയാണ് ഈ മണൽക്കൊട്ടാരം പണിതിരിക്കുന്നത്.

പിരമിഡ് രൂപത്തിലാണ് ഇത് പണികഴിപ്പിച്ചിരിക്കുന്നത്. എന്തുവിലകൊടുത്തും കൊറോണ വൈറസിനെ പ്രതിരോധിക്കണമെന്നാണ് ഈ മണൽകൊട്ടാരം നൽകുന്ന സന്ദേശം. പത്ത് ശതമാനം കളിമണ്ണും പശയും ഉപയോഗിച്ച് ലെയർ ചെയ്താണ് ഈ മണൽകൊട്ടാരം നിർമ്മിച്ചിരിക്കുന്നത്. ഗിന്നസ് റെക്കോർഡ് സ്വന്തമാക്കാൻ സാധിച്ചതിലുള്ള സന്തോഷത്തിലാണ് ഇവിടുത്തുകാർ.