ന്യൂഡല്‍ഹി: കുട്ടികളിലെ വാക്സിനേഷന് വിദഗ്ധ സമിതിയുടെ അനുമതി. ഡ്രഗ് റെഗുലേറ്ററുടെ സബ്ജക്‌ട് എക്സ്പെര്‍ട്ട് കമ്മിറ്റിയാണ് കോവാക്സിന്റെ അടിയന്തര ഉപയോഗത്തിനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അന്തിമാനുമതി ലഭിച്ചാല്‍ 2 മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് കോവാക്സിന്‍ നല്‍കിത്തുടങ്ങും.

രാജ്യത്ത് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 96 കോടിയോട് അടുക്കുമ്ബോഴാണ് ഡ്രഗ് റഗുലേറ്ററി സബ്ജക്‌ട് എക്സ്പെര്‍ട്ട് കമ്മറ്റിയുടെ നിര്‍ണ്ണായക തീരുമാനം. 2 മുതല്‍ 18 വയസു വരെയുള്ള കുട്ടികള്‍ക്ക് കോവാക്സിന്‍ പ്രതിരോധ കുത്തിവെപ്പിനാണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്.

നേരത്തെ കുട്ടികളില്‍ നടത്തിയ രണ്ടും മൂന്നും ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ കോവാക്സിന്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. പ്രായത്തിനനുസരിച്ച്‌ മൂന്ന് വിഭാഗങ്ങളായി തിരിച്ചു കൊണ്ടായിരുന്നു പരീക്ഷണം.

12 മുതല്‍ 18 വയസ് വരെയുള്ള കുട്ടികളിലായിരുന്നു ആദ്യ പരീക്ഷണം. പിന്നിട്ട് 6 മുതല്‍ 12 വയസ് വരെയുള കുട്ടികളിലും 2 മുതല്‍ 6 വയസ് വരെയുള്ള കുട്ടികളിലും വാക്സിന്‍ ഫലപ്രദമെന്ന് കണ്ടെത്തി. മുതിര്‍ന്നവരിലതിന് സമാനമായ രീതിയില്‍ കുട്ടികളിലും വാക്സിന്‍ പ്രതിരോധ ശേഷി സൃഷ്ടിക്കുന്നതായാണ് പരീക്ഷണങ്ങളില്‍ വ്യക്തമായത്.

കുട്ടികളിലെ ഉപയോഗത്തിന് ശുപാര്‍ശ ചെയ്യപ്പെടുന്ന ആദ്യ വാക്സിനാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവാക്സിന്‍. സൈഡസ് കാഡിലയുടെ മൂന്നു ഡോസ് വാക്‌സീന്‍ 12 വയസിനു മുകളിലുള്ള കുട്ടികള്‍ക്കു നല്‍കാന്‍ ഓഗസ്റ്റില്‍ അനുമതി നല്‍കിയിരുന്നു. സൈക്കോവ് ഡി, ഫൈസര്‍ അടക്കമുള്ള വാക്സിനുകളും കുട്ടികളിലെ ഉപയോഗത്തിന് അനുമതി തേടിയിട്ടുണ്ട്.