കുവൈത്ത് സിറ്റി∙ കുവൈത്ത് വിമാനത്താവളത്തില്‍ ഇറങ്ങാവുന്ന യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന സൂചന നല്‍കി അധികൃതര്‍ . നിലവില്‍ ദിനം‌ പ്രതി ഇറങ്ങുന്നവരുടെ എണ്ണം 10,000 ആണ്. കോവിഡ് നിയന്ത്രണങ്ങളില്‍ പരമാ‍വധി ഇളവുകള്‍ പ്രാബല്യത്തില്‍ വരികയും ജന ജീവിതം സാധാരണനിലയില്‍ എത്തുകയും ചെയ്ത സാഹചര്യത്തിലാണ് യാത്രക്കാരുടെ എണ്ണം കൂട്ടാന്‍ ആലോചന .

നിലവില്‍ വിവിധ രാജ്യങ്ങളില്‍നിന്ന് കുവൈത്തില്‍ എത്താനുള്ള ഒട്ടേറെ പേര്‍ക്ക് നിയന്ത്രണങ്ങള്‍ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. കുറഞ്ഞ യാത്രക്കാരെ മാത്രമേ കൊണ്ടുപോകാവൂ എന്നതിനാല്‍ യാത്രാ കൂലിയും കൂടുതലാണ്. ദിവസവും ഇറങ്ങാവുന്ന യാത്രക്കാരുടെ എണ്ണം വര്‍ധിച്ചാല്‍ ടിക്കറ്റ് നിരക്കിലും കുറവ് സാധ്യമാകും.നിയന്ത്രണങ്ങളില്‍ ഘട്ടംഘട്ടമായി നടപ്പാക്കിയ ഇളവുകള്‍ ഫലപ്രദമെന്നാണ് വിലയിരുത്തല്‍ . 80% ആളുകളും ഒരു ഡോസ് വാക്സീന്‍ എടുത്തുവെന്നാണ് കണക്കുകള്‍ .