കര്‍ഷകരുടെ റോഡുകള്‍ ഉപരോധിച്ചുകൊണ്ടുള്ള സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹരിയാന്‍ സര്‍ക്കാര്‍ സുപ്രീംകോടതി യെ സമീപിച്ചു. സംസ്ഥാന, ദേശീയ പാതകളിലെ കര്‍ഷകരുടെ ഉപരോധം നീക്കണമെന്നതാണ് ഹരിയാന സര്‍ക്കാരിന്‍റെ പ്രധാനാവശ്യം. ദേശീയപാതയില്‍ നിന്നും കര്‍ഷകരെ നീക്കണമെന്നാവശ്യപ്പെട്ട നല്‍കിയ ഹര്‍ജിയില്‍ നേരത്തെ സുപ്രീംകോടതി തന്നെ ഹരിയാന സര്‍ക്കാരിനോടും കേന്ദ്രസര്‍ക്കാരിനോടും റോഡുകളില്‍ നിന്നും കര്‍ഷകരെ നീക്കം ചെയ്യാന്‍ വേണ്ട നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

ഈ പ്രശ്‌നം പരിഹരിക്കാന്‍ ഹരിയാന സര്‍ക്കാര്‍ രൂപീകരിച്ച സംസ്ഥാന തല സമിതിയുമായി കൂടിക്കാഴ്ച നടത്താന്‍ കര്‍ഷകര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും സുപ്രീംകോടതിയെ സമീപിക്കാന്‍ ഹരിയാന സര്‍ക്കാര്‍ തീരുമാനിച്ചത്. എന്തായാലും കര്‍ഷകസമരത്തിന്‍റെ പേരില്‍ ഗതാഗതം ഒരു വിധത്തിലും തടയരുതെന്നും അതുമൂലം ജനങ്ങളുടെ പോക്കുവരവ് യാതൊരു വിധത്തിലും തടയപ്പെടരുതെന്നും സുപ്രീംകോടതി കഴിഞ്ഞയാഴ്ച പുറപ്പെടുവിച്ച വിധിയില്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ ഹരിയാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും കര്‍ഷകരുമായി സമവായത്തിലെത്താനായിരുന്നു സുപ്രീംകോടതി നിര്‍ദേശിച്ചത്.

ഇതിന്‍റെ ഭാഗമായി സപ്തംബര്‍ 15ന് ഒരു സംസ്ഥാന തല സമിതിയെ നിയോഗിച്ചിരുന്നു. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു സമിതി രൂപീകരിച്ചത്. സപ്തംബര്‍ 19ന് കര്‍ഷകരുടെ സംഘടനകളുമായി ചര്‍ച്ച നടത്താന്‍ സോനിപത്തിലെ മൂര്‍ത്താളില്‍ സര്‍ക്കാര്‍ യോഗം വിളിച്ചിരുന്നു. ഇതില്‍ റോഹ്ടക് ഐജിപി, സോനിപട് എസ്പി, റോഹ്ടക് ഡിവിഷന്‍ ഡിവിഷണല്‍ കമ്മീഷണര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചത്. എന്നാല്‍ ഈ യോഗത്തില്‍ കര്‍ഷക സംഘടനകളുടെ പ്രതിനിധികള്‍ എത്തിയില്ല. ഈ സാഹചര്യത്തിലാണ് തീരുമാനമുണ്ടാക്കാന്‍ സുപ്രീംകോടതിയോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

നേരത്തെ നോയ്ഡ് സ്വദേശി മോണിക അഗര്‍വാള്‍ ഒരു പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയിരുന്നു. ദല്‍ഹിയില്‍ ജോലി ചെയ്യാന്‍ പോകുന്ന തനിക്ക് നോയ്ഡയില്‍ നിന്നും ദല്‍ഹിക്കുള്ള യാത്ര നരകമാണെന്നായിരുന്നു പരാതി. ഈ ഹര്‍ജിയും ഉടന്‍ സുപീംകോടതി പരിഗണിക്കും.