തിരുവനന്തപുരം : മോണ്‍സണ്‍ മാവുങ്കല്‍ കേസിലടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ആരോപണം നേരിടുന്ന പശ്ചാത്തലത്തില്‍ നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ സൂഷ്മത പുലര്‍ത്തണമെന്നും അനാവശ്യ പരിപാടികളില്‍ പങ്കെടുക്കരുത് എന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

‘ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം കൂടുതല്‍ സൂഷ്മത പുലര്‍ത്തണം. അനാവശ്യ പരിപാടികളില്‍ പങ്കെടുക്കരുത്. പ്രത്യേകിച്ചും യൂണിഫോമില്‍ പോകുമ്ബോള്‍ ജാ​ഗ്രത പാലിക്കണം’- മുഖ്യമന്ത്രി പറഞ്ഞു.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള മോണ്‍സണിന്റെ ബന്ധമാണ് പുരാവസ്തുക്കേസിലെ സജീവ ചര്‍ച്ചാ വിഷയം. മനോജ് എബ്രഹാം, ലോ‌ക്‌നാഥ് ബെഹ്റ എന്നിവര്‍ മോണ്‍സണിന്റെ വീട് സന്ദര്‍ശിച്ചതും വന്‍ വിവാദമായിരുന്നു. ഇന്‍റിലജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിട്ടും മോണ്‍സണിന്‍റെ വീടിന് സംരക്ഷണം നല്‍കാന്‍ ബെഹ്റ നിര്‍ദ്ദേശിച്ചതും മുന്‍ ഡിഐജി സുരേന്ദ്രനും മോണ്‍സണുമായുള്ള ബന്ധങ്ങളുമെല്ലാം പൊലീസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ്.