കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ച താലിബാന് നേരിടേണ്ടി വരുന്നത് കടുത്ത വെല്ലുവിളികളാണെന്ന് റിപ്പോര്‍ട്ട്. സാമ്ബത്തിക രംഗം താറുമാറായതോടെ ബാങ്കിംഗ് രംഗവും തകര്‍ച്ച നേരിടുകയാണ്. ജനങ്ങള്‍ കൂട്ടത്തോടെ ബാങ്കുകളിലേക്ക് തങ്ങളുടെ നിക്ഷേപം പിന്‍വലിക്കാന്‍ എത്തിയതോടെ താലിബാന്റെ നില കൂടുതല്‍ പരുങ്ങലിലായി. ജനങ്ങള്‍ നിക്ഷേപങ്ങള്‍ പിന്‍വലിച്ചതോടെ ബാങ്കുകളുടെ നിലനില്‍പ്പ് തന്നെ അപകടത്തിലായെന്ന് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ ഇസ്ലാമിക് ബാങ്ക് ഓഫ് അഫ്ഗാനിസ്ഥാന്റെ സിഇഒ സയ്യദ് മൂസ ഖലീം അല്‍-ഫലാഹി ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ലോകരാഷ്ട്രങ്ങള്‍ അഫ്ഗാനിസ്ഥാനുള്ള സാമ്ബത്തിക സഹായം മരവിപ്പിച്ചതും ഉപഭോക്താക്കള്‍ ഭയത്തെ തുടര്‍ന്ന് തങ്ങളുടെ പണമെല്ലാം ബാങ്കുകളില്‍ നിന്ന് പിന്‍വലിച്ചതുമാണ് അഫ്ഗാനിലെ നിലവിലെ പ്രതിസന്ധിക്ക് കാരണം. ഇപ്പോള്‍ രാജ്യത്തെ ബാങ്കുകളില്‍ നിന്നെല്ലാം വലിയ തുകകളാണ് പിന്‍വലിക്കപ്പെടുന്നത്. അത് മാത്രമല്ല, ആരും പണം നിക്ഷേപിക്കാന്‍ ബാങ്കിലേക്ക് എത്തുന്നുമില്ല.

രാജ്യത്തെ ഭൂരിഭാഗം ബാങ്കുകളും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അവശേഷിക്കുന്നവ ഭാഗികമായ സേവനങ്ങള്‍ മാത്രമാണ് നല്‍കുന്നത്. കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാന്‍ സെന്‍ട്രല്‍ ബാങ്കിലെ 9.5 ബില്യണ്‍ ഡോളര്‍ വരുന്ന ആസ്തി അമേരിക്ക മരവിപ്പിച്ചിരുന്നു. ന്യൂയോര്‍ക്കിലെ ഫെഡറല്‍ റിസര്‍വ് ബാങ്കിന്റെ അധീനതയിലാണ് ഈ പണത്തില്‍ ഭൂരിഭാഗവുമുള്ളത്.

അഫ്ഗാനിസ്ഥാന് തങ്ങളുടെ പഴയ സാമ്ബത്തിക സ്രോതസുകളെ ഇനി ആശ്രയിക്കാനാവില്ലെന്നാണ് ഐഎംഎഫ് നിലപാട്. ലോകബാങ്കും അഫ്ഗാനിസ്ഥാനിലെ പദ്ധതികള്‍ക്കുള്ള സാമ്ബത്തിക സഹായം നിര്‍ത്തുകയാണ്. ഇതോടെ അഫ്ഗാന്റെ സാമ്ബത്തിക സ്ഥിതി കൂടുതല്‍ പരുങ്ങലിലായി.