റിയാദ്∙ ജോലി നഷ്ടപ്പെട്ട് സൗദിയില്‍ കുടുങ്ങിയ കോഴിക്കോട് കക്കോടി മക്കട സ്വദേശി കെ.പി. രാജേഷ് ‘പ്ലീസ് ഇന്ത്യ’ പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടില്‍ തിരിച്ചെത്തി.85000 രൂപ വീസയ്ക്ക് നല്‍കി 2018 ഏപ്രില്‍ 14നാണ് നജ്റാനില്‍ ഹൗസ് ഡ്രൈവറായി ജോലിക്കെത്തിയത് .

സൗദിയില്‍ ശമ്ബളം കുറവായതിനാല്‍ മറ്റൊരു മലയാളിയുമായി ചേര്‍ന്നു ഇലക്‌ട്രിക്കല്‍, പ്ലമിങ് ജോലി ചെയ്തുവരികയായിരുന്നു. മാസത്തില്‍ നിശ്ചിത തുക സ്പോണ്‍സര്‍ക്ക് നല്‍കാമെന്ന കരാറിലായിരുന്നു ഇത്. അതെ സമയം ജോലി ചെയ്ത ശേഷം കൃത്യമായി പണം ലഭിക്കാതെ വന്നതോടെ സ്പോണ്‍സറുടെ മാസവരി മുടങ്ങി. ഇതില്‍ പ്രകോപിതനായ അദ്ദേഹം ജോലിയില്‍നിന്നു പിരിച്ചുവിട്ടതോടെ രാജേഷ് തകര്‍ന്നത് .

തുടന്ന് ജീവിത ചെലവിന് പോലും പണമില്ലാതെ അലഞ്ഞുതിരിയുകയായിരുന്നു. നാട്ടില്‍ അച്ഛനും അമ്മയും ഭാര്യയും മകളും അടങ്ങിയ കുടുംബത്തിന്റെ ഏക ആശ്രയമാണ് രാജേഷ്. വിവരം അറിഞ്ഞ പ്ലീസ് ഇന്ത്യ ചെയര്‍മാന്‍ ലത്തീഫ് തെച്ചിയും മറ്റു ഗ്ലോബല്‍ നേതാക്കളും ചേര്‍ന്ന് സ്പോണ്‍സറുമായി ബന്ധപ്പെട്ട് യാത്രാ രേഖകള്‍ ശരിയാക്കി നാട്ടിലേക്കു അയക്കുകയായിരുന്നു.