വിശാഖപട്ടണം: തിരുമല തിരുപ്പതി ക്ഷേത്ര ദര്‍ശനത്തിന് കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ക്ക് മാത്രമേ ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കൂ. ഒക്ടോബര്‍ 1 മുതലാണ് ഇത് പ്രബല്യത്തില്‍ വരുക. ടിടിഡി ട്രസ്റ്റ് ബോര്‍ഡ് ചെയര്‍മാന്‍ വൈവി സുബ്ബ റെഡ്ഡിയാണ് ഇക്കാര്യം അറിയിച്ചത്.

സെപ്റ്റംബര്‍ 25 മുതല്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള സ്പെഷ്യല്‍ എന്‍ട്രി ടിക്കറ്റുകളും സര്‍വ്വ ദര്‍ശന ടോക്കണുകളും ഓണ്‍ലൈനിലൂടെ ഭക്തര്‍ക്ക് ബുക്ക് ചെയ്യാം. 300 രൂപയാണ് സ്പെഷ്യല്‍ എന്‍ട്രി ടിക്കറ്റുകളുടെ വില. ഓണ്‍ലൈനിലൂടെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ മൂന്ന് ദിവസം മുമ്ബ് തന്നെ ദര്‍ശനത്തിന് എത്തുന്ന തീയതി റിപ്പോര്‍ട്ട് ചെയ്യണമെന്നും ക്ഷേത്രം ഭാരവാഹികളറിയിച്ചു.

കൊറോണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കണമെന്നും അവ കര്‍ശനമായി പാലിക്കണമെന്നും ടിടിഡി ചെയര്‍മാന്‍ ഭക്തരോട് അഭ്യര്‍ത്ഥിച്ചു. ആരോഗ്യ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള എല്ലാ കൊറോണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ക്ഷേത്ര മാനേജ്മെന്റുകള്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

8000 പേര്‍ക്ക് സെപ്റ്റംബര്‍ 24 ന് രാവിലെ 9 മണി മുതല്‍ 3000 രൂപയുടെ സ്പെഷ്യല്‍ എന്‍ട്രി ടിക്കറ്റുകള്‍ നല്‍കി തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.സെപ്റ്റംബര്‍ 26 മുതല്‍ ദര്‍ശനത്തിലുള്ള ടോക്കണുകള്‍ നല്‍കി തുടങ്ങുന്നത് നിര്‍ത്തും.കൊറോണ പകര്‍ച്ചവ്യാധിയുടെ സാഹചര്യത്തില്‍ ഭക്തരുടെയും മറ്റ് പ്രദേശങ്ങളില്‍ നിന്നുള്ളവരുടെയും ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.