ബെംഗളൂരു: നിയമസഭയില്‍ പ്രസംഗിച്ചു കൊണ്ടിരിക്കെ മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയുടെ മുണ്ട് അഴിഞ്ഞുവീണു. എന്നാല്‍ ഇക്കാര്യം അറിയാതെ സിദ്ധരാമയ്യ പ്രസംഗം തുടരുകയായിരുന്നു. സിദ്ധരാമയ്യയെ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ ഓടിയെത്തിയാണ് ഇക്കാര്യം അറിയിച്ചത്.

‘ ഓ..അതായിരുന്നോ’ എന്ന് പറഞ്ഞ് അദ്ദേഹം താഴെക്കിടന്ന മുണ്ടെടുത്ത് ഉടുത്തു, പ്രസംഗം തുടര്‍ന്നു. ഈ സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലാവുകയാണ്. കോവിഡാനന്തരം ശരീരവണ്ണം വര്‍ധിച്ചു, വയറ് കൂടി. ഇതുകൊണ്ട് മുണ്ട് അഴിഞ്ഞു വീണു എന്നായിരുന്നു അദ്ദേഹം പ്രസംഗം തുടര്‍ന്നു കൊണ്ട് വ്യക്തമാക്കിയത്. ഇത് സഭയില്‍ ചിരി പടര്‍ത്തുകയും ചെയ്തു.

മൈസൂര്‍ കൂട്ട ബലാത്സംഗത്തില്‍ പൊലീസ് നടപടികളെക്കുറിച്ചു സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. അതേസമയം, ശിവകുമാര്‍ ചെവിയില്‍ പറഞ്ഞ കാര്യം പരസ്യപ്പെടുത്തിയത് കോണ്‍ഗ്രസില്‍ നീരസമുണ്ടാക്കിയിട്ടുണ്ട്. പാര്‍ട്ടിയുടെ മുഖം രക്ഷിക്കാന്‍ വേണ്ടിയാണ് ശിവകുമാര്‍ സിദ്ധരാമയ്യയുടെ ചെവിയില്‍ ഇക്കാര്യം പറഞ്ഞത്. എന്നാല്‍ അദ്ദേഹം തന്നെ ഇത് പരസ്യപ്പെടുത്തി. ഇത് പരിഹസിക്കാന്‍ സ്വയം കുഴി തോണ്ടുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് എംഎല്‍എ രമേശ് കുമാര്‍ പറഞ്ഞു